കൊളംബോയിലെ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി 22 ബുദ്ധസന്യാസിമാര്‍ പിടിയില്‍

buddhist

വിദ്യാര്‍ത്ഥികളായ സന്യാസിമാര്‍ക്ക് തായ്ലന്‍ഡിലേക്ക് നാല് ദിവസത്തെ സൗജന്യ വിനോദയാത്ര ഒരു അജ്ഞാതന്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി 22 ബുദ്ധസന്യാസിമാരെ പിടികൂടി. ഓരോ സന്യാസിയുടെയും ബാഗില്‍ നിന്ന് അഞ്ച് കിലോ വീതം കഞ്ചാവാണ് കണ്ടെടുത്തത്. ലഗേജുകളില്‍ പ്രത്യേകമായി നിര്‍മ്മിച്ച രഹസ്യ ഭിത്തികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. വിദ്യാര്‍ത്ഥികളായ സന്യാസിമാര്‍ക്ക് തായ്ലന്‍ഡിലേക്ക് നാല് ദിവസത്തെ സൗജന്യ വിനോദയാത്ര ഒരു അജ്ഞാതന്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു. ഈ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.


യാത്ര ഏകോപിപ്പിച്ച 23-ാമനായ ഒരു സന്യാസിയെ കൊളംബോയില്‍ നിന്ന് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്നില്ല. ഈ പാഴ്‌സലുകള്‍ സംഭാവനയായി ലഭിച്ചതാണെന്നും കൊളംബോയില്‍ എത്തുമ്പോള്‍ ഒരു വാന്‍ വന്ന് ഇവ ശേഖരിക്കുമെന്നും പറഞ്ഞാണ് ഓരോരുത്തര്‍ക്കും ബാഗുകള്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ലഗേജിലെ സ്‌കൂള്‍ ബാഗുകള്‍ക്കും മിഠായികള്‍ക്കും ഇടയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്നാണെന്ന് അറിയാതെയാണ് സന്യാസിമാര്‍ ഇത് കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.

പിടിയിലായ സന്യാസിമാരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് തായ്ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സാധാരണ വസ്ത്രം ധരിച്ച് ഇവര്‍ ഉല്ലസിക്കുന്ന ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ 22 പേരെയും കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയൊരു സന്യാസി സംഘം വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് പിടിയിലാകുന്നത്.

Tags