സൊമാലിലാന്റിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തിനെതിരെ 15 അറബ്-മുസ്ലിം രാജ്യങ്ങള്‍ രംഗത്ത്
ഇസ്രായേലിന്റെ നീക്കം സൊമാലിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇവര്‍ ആരോപിക്കുന്നു.
സൊമാലിലാന്റിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തിനെതിരെ സൗദി അറേബ്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള 15 അറബ്-മുസ്ലിം രാജ്യങ്ങള്‍ രംഗത്തെത്തി. ഈ പ്രതിഷേധത്തെ ഇരട്ടത്താപ്പെന്ന് വിമര്‍ശിച്ച് സൊമാലിലാന്റ് ശക്തമായി തിരിച്ചടിച്ചു. ഒമാന്‍, കുവൈറ്റ്, സൗദി അറേബ്യ, ഈജിപ്ത്, സൊമാലിയ, സുഡാന്‍, ലിബിയ, ബംഗ്ലാദേശ്, അള്‍ജീരിയ, തുര്‍ക്കി, ഇന്തോനേഷ്യ, പാകിസ്ഥാന്‍, മൗറിട്ടേനിയ, ജോര്‍ദാന്‍, ഫലസ്തീന്‍ അതോറിറ്റി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന്റെ നീക്കത്തിനെതിരെ സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്. ഇസ്രായേലിന്റെ നീക്കം സൊമാലിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇവര്‍ ആരോപിക്കുന്നു.
ഹോണ്‍ ഓഫ് ആഫ്രിക്ക മേഖലയുടെ സമാധാനത്തെയും സ്ഥിരതയെയും തകര്‍ക്കുന്ന അപകടകരമായ നീക്കമാണിതെന്ന് വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 1960-ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ സൊമാലിലാന്റ്, പിന്നീട് സൊമാലിയയുമായി ലയിച്ചെങ്കിലും 1991-ല്‍ ആ ബന്ധം വേര്‍പെടുത്തി സ്വയം പരമാധികാരം പ്രഖ്യാപിച്ച രാജ്യമാണ്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും ഒരു സ്വതന്ത്ര രാഷ്ട്രമായി സൊമാലിലാന്റിനെ പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ നയതന്ത്ര നീക്കം സൊമാലിലാന്റിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായാണ് കരുതപ്പെടുന്നത്.
സൊമാലിയന്‍ ജനതയെ പ്രതിനിധീകരിക്കാനുള്ള അധികാരം സൊമാലിയന്‍ സര്‍ക്കാരിന് മാത്രമെന്നും ഇവര്‍ വാദിക്കുന്നു. പ്രതിഷേധിച്ച രാജ്യങ്ങളെ 'കപടവിശ്വാസികള്‍' എന്ന് വിശേഷിപ്പിച്ചാണ് സൊമാലിലാന്റ് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ്-ലൂടെ നിരവധി ചോദ്യങ്ങളും അവര്‍ ഉന്നയിച്ചു. 'എന്തുകൊണ്ടാണ് നിങ്ങള്‍ അല്‍-ഷബാബിനെയോ ഐസിസിനെയോ താലിബാനെയോ അപലപിക്കാത്തത്? ഹിസ്ബുള്ളയെയും ഇറാന്റെ ഭീകര ഗ്രൂപ്പുകളെയും കുറിച്ച് എന്താണ് പറയാനുള്ളത്? എന്ന് സൊമാലിലാന്‍ഡ് ചോദിച്ചു. ഇസ്രായേലിനോടുള്ള വെറുപ്പും, ഒരു മുസ്ലിം രാഷ്ട്രമായ സൊമാലിലാന്റ് സ്വതന്ത്രമാകുന്നത് തടയാനുള്ള ആഗ്രഹവുമാണ് ഈ പ്രതിഷേധത്തിന് പിന്നില്‍ എന്നും സൊമാലിലാന്റ് കുറ്റപ്പെടുത്തി. ഹോണ്‍ ഓഫ് ആഫ്രിക്ക മേഖലയിലെ ഏക ജനാധിപത്യ-സമാധാന രാഷ്ട്രം തങ്ങളാണെന്നും ഇസ്രായേല്‍ ആ സത്യം തിരിച്ചറിഞ്ഞ് സഹകരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
.jpg)

