സൗഭാഗ്യത്തിന്റെ ഈ വിഷുക്കാലത്ത് കണി കാണേണ്ടത് എപ്പോൾ?കണിവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!!


സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ചയാണ് വിഷു .ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകള്‍ക്കായി കണ്ണനെ കണികാണാനൊരുങ്ങുകയാണ് മലയാളികള്‍. ആണ്ടറുതിയാണല്ലോ വിഷു. നെടുവീർപ്പുകളുടെ ഒരാണ്ടു കഴിഞ്ഞു പ്രത്യാശയുടെ വെളിച്ചവുമായി പുതിയൊരാണ്ടിന്റെ പിറവി. പുത്തനാണ്ടിന് ഐശ്വര്യമേകാൻ കണിയായി ഒരുക്കുന്നതോ പ്രകൃതിയിലെ വിഭവങ്ങൾ തന്നെ.
വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണി തന്നെ. വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണു കണ്ണിനു പൊൻകണിയായി ഉരുളിയിലൊരുക്കുന്നത്.കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയില്‍ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്.

വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല.കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, മറ്റു ഫലവർഗങ്ങൾ, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം ഒരുക്കിവയ്ക്കുന്നു. വിളഞ്ഞു പാകമായ മഞ്ഞ നിറത്തിലുള്ള വെള്ളരിക്കയാണ് കണിയ്ക്ക് ഉപയോഗിക്കുന്നത്, ചിലയിടങ്ങളിൽ ഇതിന് കണിവെള്ളരി എന്നും പേരുണ്ട്.
കണി ഉരുളിയിൽ വാൽക്കണ്ണാടിയും വയ്ക്കണമെന്നാണ് നിഷ്ഠ. രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളും കൃഷ്ണപ്രതിമയോ ഫോട്ടോയോ കൂടെ വയ്ക്കുന്ന പതിവുമുണ്ട്. വെള്ളം നിറച്ച കിണ്ടിയും ചിലയിടങ്ങളിൽ കണിയ്ക്ക് ഒപ്പം വയ്ക്കാറുണ്ട്.കണിയുരുളിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കണിക്കൊന്ന. കൊന്നപ്പൂക്കൾ ഇല്ലാതെ വിഷു ആഘോഷങ്ങൾക്ക് പൂർണ്ണതയില്ല എന്നാണ് സങ്കൽപ്പം.
ഉണക്കലരി, കണി വെള്ളരി, ചക്ക, മാങ്ങ, വാഴപ്പഴം, നാരങ്ങ,ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവ എല്ലാം വെക്കുക. ശ്രീഭഗവതിയുടെ പ്രതീകമായി വാല്‍ക്കണ്ണാടിയും വെക്കുക. കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. കണിവെള്ളരിയോടൊപ്പം കണിക്കൊന്നയും വെക്കുക.
കണിവെള്ളരി ഭഗവാന്റെ മുഖവും കണിക്കൊന്ന ഭഗവാന്റെ കിരീടമാണ് എന്നും ആണ് വിശ്വാസം. ഇതിന്റെ തൊട്ടടുത്തായി ഓട്ടുപാത്രത്തില്‍ അലക്കിയ കസവു പുടവയും, ഗ്രന്ഥം, കുങ്കുമച്ചെപ്പ്, കണ്‍മഷി, വെറ്റില, അതില്‍ നാണയത്തുട്ടുകള്‍ എന്നിവയെല്ലാം ഒരുക്കേണ്ടതാണ്.വാല്‍ക്കണ്ണാടി ഭഗവതിയെ സങ്കല്‍പ്പിച്ചാണ് ഉരുളിയില്‍ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പ്പം
ദീപം കൊളുത്തുമ്പോള്‍ അത് സര്‍വ്വൈശ്വര്യത്തിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത്. അഞ്ച് തിരികള്‍ ഇട്ട് വേണം തിരി കൊളുത്തേണ്ടത്. ഇത് ഭഗവാന്‍ മഹാദേവനെയാണ് സൂചിപ്പിക്കുന്നത്. നിലവിളക്ക് കത്തി, പൂക്കള്‍, കൊടിവിളക്ക് എന്നിവയാണ് കണികാണുമ്പോള്‍ വെക്കേണ്ടത്.
കണി കണ്ടുകഴിഞ്ഞാലുടൻ കുടുംബത്തിലെ കാരണവന്മാർ ഇളമുറക്കാരെയെല്ലാം വിളിച്ചുവരുത്തി കൈനീട്ടം നൽകുക എന്നതാണ് പിന്നീടുള്ള ചിട്ട. പങ്കുവയ്ക്കലിൻ്റെയും സ്നേഹത്തിൻ്റെയും ഓർമ്മപ്പെടുത്തൽകൂടിയാണ് കൈനീട്ടം