വിഷുവിനൊരുക്കാം കൊതിയൂറും ഉണ്ണിയപ്പം
പച്ചരി: ആവശ്യത്തിന് (കുതിർത്ത് പൊടിക്കാൻ)
ശർക്കര: മാവിനനുസരിച്ച് (പാനിയാക്കി അരിച്ചെടുക്കാൻ)
പഴം: മാവിൽ ഞെരടി ചേർക്കാൻ (പാളയൻകോടൻ പഴമോ മൈസൂർ പഴമോ ഉപയോഗിക്കാം)
തേങ്ങക്കൊത്ത്: നെയ്യിൽ വറുത്തിടാൻ
നെയ്യ്: തേങ്ങക്കൊത്ത് വറുക്കാനും എണ്ണയിൽ ചേർക്കാനും
ഏലയ്ക്ക: പൊടിച്ചത് (നല്ല മണത്തിന്)
എള്ള്: ആവശ്യത്തിന്
ഉപ്പ്: ഒരു നുള്ള് (മധുരം ക്രമീകരിക്കാൻ)
വെളിച്ചെണ്ണ: വറുത്തെടുക്കാൻ
വെള്ളം: ശർക്കര ഉരുക്കാൻ
തയ്യാറാക്കുന്ന വിധം
പച്ചരി രണ്ടുമണിക്കൂർ കുതിർത്തുവെച്ചതിനുശേഷം പൊടിച്ചെടുക്കുക. ശർക്കര പൊടിച്ച് ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഇടുക. അരഗ്ലാസ് വെള്ളമൊഴിച്ച് അടുപ്പിൽവെക്കുക. ശർക്കര മുഴുവനും ഉരുകികഴിയുമ്പോൾ അടച്ചുവെച്ചിരിക്കുന്ന മാവിലേക്ക് അരിപ്പവെച്ച് അരിച്ചൊഴിക്കുക. തുടർച്ചയായി ഇളക്കണം. ശർക്കരപാവും മാവുമായി നല്ലപോലെ യോജിപ്പിക്കണം. ഈ കൂട്ടിലേക്ക് പഴം ഞെരടിചേർക്കാം.
തേങ്ങകൊത്ത് നെയ്യിൽ ബ്രൗൺനിറം ആകുന്നതുവരെ മൂപ്പിക്കുക. അതും മാവിലേക്ക് ചേർക്കുക. ശേഷം ഏലയ്ക്കയും എള്ളും ഉപ്പും ചേർത്ത് ഇളക്കി അടച്ചുവെക്കുക. രണ്ടുമണിക്കൂറിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങാം. അപ്പക്കല്ല് (കാര) അടുപ്പത്തുെവച്ച് ചൂടായതിനുശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വേണമെങ്കിൽ രണ്ട് സ്പൂൺ നെയ്യും ഈ വെളിച്ചെണ്ണയിൽ ചേർക്കാവുന്നതാണ്.
അങ്ങനെ ചെയ്താൽ ഉണ്ണിയപ്പത്തിന് നെയ്യിൽ വറുത്തെടുത്തതുപോലെയുള്ള ഗന്ധവും രുചിയും കിട്ടും. എണ്ണ ചൂടായിക്കഴിഞ്ഞ് ഉണ്ണിയപ്പം മാവ് ഓരോ തവി ഓരോ കുഴിയിലും ഒഴിക്കുക. വെന്തുകഴിയുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് മറിച്ചിടുക. രണ്ടുഭാഗവും വെന്തുകഴിയുമ്പോൾ ഉണ്ണിയപ്പം കോരിയെടുക്കാം.
.jpg)

