വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും തൃഷയും; ചിത്രങ്ങൾ വൈറൽ
ചെന്നൈ: ആന്ധ്രപ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവും ബിസിനസുകാരനുമായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകൾ ശ്രേയയുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും പ്രശസ്ത നടി തൃഷയും. ചെന്നൈയിലെ ലീല പാലസിൽ വച്ചാണ് പ്രമുഖരുടെ നിര തന്നെ അണിനിരന്ന വിവാഹസൽക്കാര ചടങ്ങുകൾ നടന്നത്.വധൂവരന്മാരായ ശ്രേയയ്ക്കും ഉജ്വലിനും ആശംസകൾ അറിയിക്കാൻ വിജയ്‌യും തൃഷയും ഒന്നിച്ചാണ് വേദിയിലേക്ക് എത്തിയത്. ബൊക്കെയുമായി വേദിയിലെത്തിയ വിജയ് വധുവിനും, തൃഷ വരനും പൂക്കൾ സമ്മാനിച്ചു. തുടർന്ന് മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം വിജയ്‌യും തൃഷയും ചിത്രങ്ങൾക്ക് പോസ് ചെയ്തു. വിജയ് ചടങ്ങിലെത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും നിലവിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്.
രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ.ടി. രാമറാവു, പ്രമുഖ വ്യവസായി ഗൗതം അദാനി തുടങ്ങിയവരും സന്നിഹിതരായിരുന്നു. അനിൽ റെഡ്ഡിയുടെ മകൾ ശ്രേയയുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരന്റെ മകനാണ് അനിൽ റെഡ്ഡി. വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.
.jpg)

