'സര്‍' എന്ന് വിളിക്കേണ്ട, ജോലി കഴിഞ്ഞാല്‍ ഓഫീസ് കോള്‍ ഇല്ല; ഇറ്റലിയിലെ അനുഭവം പങ്കുവെച്ച് യുവതി
വിവിധ രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ചു പോകുന്ന ഇന്ത്യക്കാർ ആ രാജ്യത്തെ പുതുമ നിറഞ്ഞ സംസ്‌കാരങ്ങളെക്കുറിച്ച് വെളിപ്പെടുത്താറുണ്ട്. അത്തരത്തിൽ, ഇന്ത്യയിൽനിന്ന് വ്യത്യസ്തമായി ഇറ്റലിയിൽ നിലനിൽക്കുന്ന തൊഴിൽസംസ്‌കാരത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഡിജിറ്റൽ ക്രിയേറ്ററും ഐടി പ്രൊഫഷണലുമായ ജ്യോതി.
tRootC1469263">
ജോലിക്കെത്തിയ ആദ്യദിവസം തന്നെ താൻ അത്ഭുതപ്പെട്ട 12 കാര്യങ്ങളെക്കുറിച്ചാണ് ജ്യോതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പിൽ വിശദമാക്കിയിരിക്കുന്നത്.
ഓഫീസിൽ ബോസിനെ 'സർ' എന്ന് വിളിക്കേണ്ടതില്ല എന്നതാണ് ഒരു കാര്യം. ജ്യോതി തന്റെ ബോസിനെ 'സർ' എന്ന് അഭിസംബോധന ചെയ്തപ്പോൾ ഒരു ചിരിയോടെ അങ്ങനെ വിളിക്കേണ്ടതില്ല, പേര് വിളിച്ചാൽ മതി എന്നും ഇറ്റലിയിൽ, നമ്മളെല്ലാം തുല്യരാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത് എന്ന് യുവതി കുറിച്ചു. കോഫി കഴിച്ചതിനു ശേഷം അതിന്റെ പണം നൽകാൻ തന്നെ മാനേജർ അനുവദിച്ചില്ലെന്നും പകരം അദ്ദേഹമാണ് പണം നൽകിയതെന്നും വ്യക്തമാക്കി.
ഓഫീസിൽ മൈക്രോമാനേജ്‌മെന്റോ ഓവർടൈം സമ്മർദമോ ഇല്ലെന്നും യുവതി കുറിച്ചു. അതറിഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയതെന്നും അവർ പറഞ്ഞു. അവിടെ റിലാക്‌സ് ആയാണ് സമയത്തെ സമീപിക്കുക, കൃത്യമായ സമയം ആരും ട്രാക്ക് ചെയ്യില്ല. 'നിങ്ങൾ എപ്പോൾ വരുന്നു, പോകുന്നു എന്ന് ആരും ചോദിക്കില്ല. ജോലി പൂർത്തിയായാൽ, നിങ്ങൾ ഫ്രീയാണ്. ഇവിടെ മൈക്രോമാനേജ്‌മെന്റ് തീരെയില്ല'- അവർ കുറിച്ചു.
വൈകുന്നേരം 6:01 ആകുമ്പോഴേക്കും ഓഫീസ് പൂർണമായും കാലിയാവും. ഓഫീസ് സമയത്തിന് ശേഷം വിളിക്കുന്നതോ മെസ്സേജ് അയക്കുന്നതോ ഒരു 'കുറ്റം' ആയാണ് അവിടെ കണക്കാക്കുന്നത്. നിങ്ങളുടെ സമയം നിങ്ങളുടെതാണ്', യുവതി കൂട്ടിച്ചേർത്തു.
കോഫി ബ്രേക്കുകളും മനുഷ്യ ബന്ധങ്ങൾക്കുള്ള പ്രാധാന്യവുമാണ് മറ്റൊന്ന്. കോഫി ബ്രേക്കുകൾ നല്ല കാര്യമായാണ് അവിടെ കണക്കാക്കുന്നതെന്നും ജോലി കാരണം ഒരു ബ്രേക്ക് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ തന്നെ തടയുകയാണ് ചെയ്തതെന്നും ജ്യോതി പറയുന്നു. കോഫി സമയത്ത് ജോലിയെക്കുറിച്ച് സംസാരിക്കുന്നത് പോലും നിരുത്സാഹപ്പെടുത്തിയെന്നും പകരം അവധി ദിവസങ്ങളെക്കുറിച്ച് സംസാരിക്കൂ എന്നുമാണ് പറഞ്ഞതെന്ന് അവർ വ്യക്തമാക്കി.
തെറ്റുകൾ സംഭവിക്കുമോ എന്ന ഭയം കൂടാതെ അവിടെ ജോലി ചെയ്യാമെന്നും യുവതി പറയുന്നു. സഹായകരമായ തൊഴിൽ അന്തരീക്ഷമാണ് അവിടെയെന്നും 'പേടിക്കേണ്ട, പഠിച്ചാൽ മതി,' എന്നാണ് തന്നോട് സഹപ്രവർത്തകർ പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. വെറുമൊരു ജോലി പ്രതീക്ഷിച്ചാണ് താനിവിടെ വന്നത്. എന്നാൽ ആഴത്തിലുള്ള ഒരുപാട് കാര്യങ്ങളാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ജ്യോതി പറഞ്ഞു.
'ഓഫീസ് സമയവും ജോലിയുമെല്ലാം കുടുംബത്തെ കെട്ടിപ്പടുക്കാനുള്ളതാണ് എന്ന് ഞാൻ മനസ്സിലാക്കി. അവർ ഡെവലപ്പറെ മാത്രമല്ല, വ്യക്തിയെയുമാണ് കാണുന്നത്. ഇറ്റലിയിലെ 'കൾച്ചർ ഷോക്ക്' ഒരു യാഥാർഥ്യമാണ്, എന്നാൽ നിങ്ങളെ അവിടെനിന്നും വിട്ടുപോകാൻ തോന്നിപ്പിക്കാത്ത തരത്തിലുള്ളതാണത്,' അവർ കുറിപ്പ് അവസാനിപ്പിച്ചതിങ്ങനെയാണ്.
1.2 മില്യണിലധികം ആളുകളാണ് ഇന്റ്റഗ്രാമിൽ വീഡിയോ കണ്ടത്. ഇത് വ്യാപകമായ ചർച്ചകൾക്കും വഴിവെച്ചു. മിശ്രപ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചത്. 'നമ്മളിൽ ഭൂരിഭാഗം പേർക്കും സ്വപ്നം കാണാൻ കഴിയുന്നതും എന്നാൽ അപൂർവമായി ലഭിക്കുന്നതുമായ തൊഴിൽ സംസ്‌കാരമാണിതെന്നും 'ഇന്ത്യൻ ഓഫീസുകൾക്ക് ഈ ബാലൻസിൽ നിന്ന് പഠിക്കാനുണ്ടെന്നും' കമന്റുകൾ വന്നു. 'ഓഫീസ് സമയത്തിന് ശേഷമുള്ള കോളുകൾ ഇല്ല എന്നത് സ്വർഗം പോലെ തോന്നുന്നു.' മറ്റൊരാൾ പങ്കുവെച്ചു.
യുവതിയുടെ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ജോലിചെയ്യുന്ന കമ്പനികളെ ആശ്രയിച്ചിരിക്കുമെന്നും എല്ലാവർക്കും ഇതുപോലുള്ള അവസ്ഥയായിരിക്കില്ലെന്നും ആണ് മറ്റുചിലർ പ്രതികരിച്ചത്.
.jpg)


