എടിഎമ്മിനുള്ളിൽ ബാർബർ ഷോപ്പ് ! ​വൈറൽ സലൂൺ

atm

പണമെടുക്കാനായി ഓടി ചെന്നാൽ കാണുന്നത് മുട്ടി വെട്ടുന്ന ബാർബറെ ! എന്തേ ? സിനിമയോ സ്വപ്നമോ അല്ല, ബീഹാറിലെ പാറ്റ്നയിലെ ഒരു എടിഎമ്മിനുള്ളിലെ കാഴ്ചയാണ് ഇത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എടിഎം കൗണ്ടർ ആണ് ഒരു തകർപ്പൻ ബാർബർ ഷോപ്പായി മാറിയിരിക്കുന്നത്.

വർഷങ്ങളായി ഇവിടെ എസ്ബിഐയുടെ എടിഎം പ്രവർത്തിച്ചിരുന്നു. പക്ഷേ ഏതാനും മാസങ്ങൾക്ക് മുമ്പ് ആ മെഷീൻ അവിടെ നിന്നും മാറ്റി. മെഷീൻ പോയെങ്കിലും എടിഎമ്മിന്റെ പഴയ ബോർഡും മറ്റും അതുപോലെ തന്നെയുണ്ടായിരുന്നു. ഈ ഒഴിഞ്ഞ മുറി വാടകയ്ക്ക് എടുത്തൊരാൾ സലൂൺ ആണ് അവിടെ തുടങ്ങിയത്. പുറത്തുനിന്നു നോക്കിയാൽ ആരും കരുതുക എടിഎം കൗണ്ടർ ആണെന്ന് ആയിരിക്കും. എന്നാൽ പണം നൽകുന്ന മെഷീന് പകരം അവിടെയുള്ളത് ഒരു മുടി വെട്ടുന്ന കസേരയും വലിയ കണ്ണാടിയും ഹെയർ കട്ടിംഗ് ഉപകരണങ്ങളുമാണെന്ന് പണമെടുക്കാൻ കയറി ചെല്ലുന്നവ‌ക്ക് മാത്രമാകും അറിയുക.

എന്തായാലും ഈ പ്രത്യക്ഷപ്പെട്ട ബാർബർ ഷോപ്പിന്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. എന്നാൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ എസ്ബിഐയുടെ ബോർഡും മറ്റും നീക്കാൻ അധികൃതർ എത്തിയതായിട്ടാണ് റിപ്പോർട്ട്. കടമുറിയുടെ ഷട്ടറിൽ നിന്ന് എസ്ബിഐ ചിഹ്നിങ്ങൾ പെയിന്റടിച്ച് മറയ്ക്കുന്നതും പുതിയ വീഡിയോയിൽ കാണാം.
 

Tags