ശമ്പളം സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ച് തീര്‍ത്തു, ചെലവിന് പണം അച്ഛനോട് ചോദിക്കേണ്ടി വന്നു; വൈറൽ പോസ്റ്റ്
ജോലി കിട്ടിയാൽ ആദ്യമാസത്തെ ശമ്പളത്തിൽ നിന്നും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ വാങ്ങുകയും അടിച്ചുപൊളിക്കുകയും ചെയ്യുന്നവരുണ്ട്. ആദ്യമാസങ്ങളിലെല്ലാം അടിച്ചുപൊളിച്ച് പിന്നീടങ്ങോട്ട് ജീവിക്കാൻ കയ്യിൽ കാശില്ലാത്ത അവസ്ഥ വന്നാലെന്ത് ചെയ്യും? അത്തരം ഒരു അനുഭവമാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ജോലിയിൽ നിന്നും ആദ്യത്തെ ശമ്പളം വീട്ടുകാർക്ക് സമ്മാനം വാങ്ങാൻ ചെലവഴിച്ചു. രണ്ടാമത്തെ മാസം കിട്ടിയ ശമ്പളമെല്ലാം സുഹൃത്തുക്കൾക്കുവേണ്ടി ചെലവഴിച്ച് ചെലവിന് അച്ഛനോട് പണം കടം ചോദിക്കേണ്ടി വന്ന അവസ്ഥയെ കുറിച്ചാണ് യുവാവ് പറയുന്നത് .
കോളേജിൽ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കൾക്ക് നൽകിയ വാക്ക് പാലിക്കാനാണ് തന്റെ ഒരു മാസത്തെ അധ്വാനം മുഴുവൻ മൂന്ന് ദിവസത്തെ ആഘോഷത്തിനായി മാറ്റിവെച്ചതെന്ന് യുവാവ് പറയുന്നു. ശമ്പളം കിട്ടുമ്പോൾ നമുക്ക് അടിച്ചുപൊളിക്കണം എന്ന് കൂട്ടുകാർക്ക് വാക്ക് കൊടുത്തിരുന്നു. അതിനായി വിമാനത്തിന്റെ ചാർജ്ജും ആഡംബര താമസവും ഭക്ഷണവും എല്ലാം യുവാവ് തന്റെ വകയായി കൂട്ടുകാർക്ക് നൽകി. ആദ്യത്തെ മാസം അച്ഛനുമമ്മയ്ക്കും സമ്മാനം വാങ്ങാനുപയോഗിച്ചു, രണ്ടാംമാസം കൂട്ടുകാർക്ക് വേണ്ടി പൊടിച്ചു, ആഘോഷം കഴിഞ്ഞപ്പോൾ കയ്യിൽ ചെലവിനുള്ള പണം പോലും ഇല്ലാതെയായി അങ്ങനെ അച്ഛനോട് ചോദിക്കേണ്ടി വന്നു എന്നാണ് യുവാവ് പറയുന്നത്.
ബില്ലിന്റെ ചിത്രവും യുവാവ് പങ്കുവച്ചു. ഭക്ഷണത്തിനും ഡ്രിങ്ക്സനും മാത്രമായി 19,719 രൂപയാണ് യുവാവ് ചെലവാക്കിയത്. എന്തായാലും ഇതിൽ നിന്നൊക്കെയും യുവാവ് ഒരു പാഠം പഠിച്ചു എന്ന് തോന്നുന്നു. അടുത്ത മാസം മുതൽ താൻ ഉത്തരവാദിത്തമുള്ള ഒരാളായി മാറും എന്നാണ് യുവാവ് പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി വന്നത്. ചിലരൊക്കെ യുവാവ് സൗഹൃദത്തിനും ബന്ധങ്ങൾക്കും നൽകുന്ന പ്രാധാന്യത്തെ അഭിനന്ദിച്ചു. എന്നാൽ, മറ്റ് ചിലർ യുവാവിനെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുകയായിരുന്നു. ശമ്പളം വാങ്ങാൻ തുടങ്ങിയിട്ടും വീട്ടിൽ നിന്നും പണം വാങ്ങേണ്ടി വരുന്നത് ഒട്ടും നല്ല കാര്യമല്ല, ഇത് പക്വത കുറവാണ് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.
.jpg)

