ഡിഎൻഎ പരിശോധനയിൽ വെളിപ്പെട്ട അപൂർവ രഹസ്യം; മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകൾ; പക്ഷേ, അച്ഛൻ രണ്ട്

A rare secret revealed in DNA testing; Twins born minutes apart; But the father is two


49-ാം വയസ്സിൽ ഡിഎൻഎ പരിശോധനയിലൂടെ തങ്ങൾക്ക് രണ്ട് വ്യത്യസ്ത പിതാക്കന്മാരാണെന്ന് മിഷേൽ, ലാവീനിയ ഓസ്ബോൺ എന്നീ ഇരട്ട സഹോദരിമാർ തിരിച്ചറിഞ്ഞു. ഹെറ്ററോപിറ്റേണൽ സൂപ്പർഫെക്കണ്ടേഷൻ എന്ന അത്യപൂർവ പ്രതിഭാസമാണ് ഇതിന് കാരണം. പതിറ്റാണ്ടുകൾക്ക് ശേഷം തങ്ങളുടെ പിതാക്കന്മാരെ കണ്ടെത്താനുള്ള ഇവരുടെ യാത്ര

വൈദ്യശാസ്ത്രപരമായി രേഖപ്പെടുത്തിയ അത്യപൂർവമായ ഒരു കേസിൽ, ബ്രിട്ടനിൽ ജനിച്ച ഇരട്ട സഹോദരിമാർ 40 -കളുടെ അവസാനത്തിൽ തങ്ങളുടെ അച്ഛൻ ഒരാളല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 1976 -ൽ നോട്ടിംഗ്ഹാമിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച 49 -കാരികളായ മിഷേലും ലാവീനിയ ഓസ്ബോണുമാണ് പതിറ്റാണ്ടുകൾക്ക് ശേഷം നടത്തിയ ഒരു ഡിഎൻഎ പരിശോധനയിൽ തങ്ങൾ ഒരു അമ്മയ്ക്ക് രണ്ട് അച്ഛന്മാരിൽ ഒരേസമയത്ത് ജനിച്ച ഇരട്ടകളാണെന്ന സത്യം തിരിച്ചറിഞ്ഞത്.
ഹെറ്ററോപിറ്റേണൽ സൂപ്പർഫെക്കണ്ടേഷൻ

അമ്മ ഒരാളാണെങ്കിലും ഇരുവരും ജൈവശാസ്ത്രപരമായി അർദ്ധസഹോദരിമാരാണെന്നാണ് ഡിഎൻഎ ഫലങ്ങൾ തെളിയിച്ചത്. ഹെറ്ററോപിറ്റേണൽ സൂപ്പർഫെക്കണ്ടേഷൻ എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണിത്. ഒരു സ്ത്രീ ഒരു ചക്രത്തിൽ ഒന്നിലധികം അണ്ഡങ്ങൾ ഉത്പാദിപ്പിക്കുന്നു. ഓരോ അണ്ഡവും വ്യത്യസ്ത പുരുഷന്മാരിൽ നിന്നുള്ള ബീജം ഉപയോഗിച്ച് ബീജസങ്കലനം നടത്തുമ്പോളാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നത്. ആഗോളതലത്തിൽ ഇത്തരത്തിലുള്ള രണ്ട് ഡസനിൽ താഴെ കേസുകൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും യുകെയിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു സംഭവമാണിതെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
സംശയം ആദ്യം മുതലേ

ലാവീനിയയെ സംബന്ധിച്ചിടത്തോളം, ഡിഎൻഎ ഫലം ഞെട്ടലായിരുന്നു അവശേഷിപ്പിച്ചത്. “ഒരുപക്ഷേ എനിക്ക് ഉപബോധമനസ്സോടെ അറിയാമായിരുന്നു,” എന്നാണ് അവർ ബിബിസിയോട് പറഞ്ഞത്. പക്ഷേ, ആ സത്യം അവരെ ആഴത്തിൽ സ്വാധീനിച്ചെന്നും കൂട്ടിച്ചേർത്തു. എന്നാൽ, തനിക്ക് ആ റിപ്പോർട്ടിൽ അത്ഭുതം തോന്നിയില്ലെന്നും പക്ഷേ, അത് വളരെ വിചിത്രമാണെന്നുമായിരുന്നു മിഷേലിന്‍റെ പ്രതികരണം. കുട്ടിക്കാലത്ത് അവർ ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് വളർന്നത്. അതിനാൽ തന്നെ കുട്ടിക്കാലത്തെ ഇരുവർക്കുമിടയിൽ ഒരു പരസ്പര സഹകരണം ശക്തമായിരുന്നു.

അതേസമയം കുട്ടിക്കാലം മുതൽ തന്നെ അച്ഛനെ കുറിച്ച് ഇരുവർക്കുമിടയിൽ ഒരു അനിശ്ചിതത്വം നിലനിന്നിരുന്നു. ജെയിംസ് എന്നൊരാളെയാണ് അമ്മ അച്ഛനെന്ന് പരിചയപ്പെടുത്തിയത്. എന്നാൽ. വർഷങ്ങൾക്ക് ശേഷം ജെയിംസുമായി തനിക്ക് ഒരു സാമ്യവുമില്ലെന്ന് തിരിച്ചറിഞ്ഞ മിഷേൽ അത് ചോദ്യം ചെയ്തു. മിഷേലിന്‍റെ ഈ സംശയമാണ് ഡിഎൻഎ പരിശോധനയ്ക്ക് ഇടയാക്കിയത്. പരിശോധനയിൽ ജെയിംസ്, മിഷേലിന്‍റെ അച്ഛനല്ലെന്ന് വ്യക്തമായി. ആ അന്വേഷണം അലക്സ് എന്ന ആളിലെത്തി ചേർന്നു. കാഴ്ടയിൽ ചില സാമ്യങ്ങൾ തിരിച്ചറിഞ്ഞെങ്കിലും അലക്സുമായി ഒരു ആത്മബന്ധം സ്ഥാപിക്കാൻ മിഷേലിന് കഴിഞ്ഞില്ല. ഇതോടെ ലാവീനിയയും ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായി. അലക്സ്, ലാവീനിയയുടെയും അച്ഛനല്ലെന്നായിരുന്നു ഡിഎൻഎ ഫലം.

പക്ഷേ, അന്വേഷണം അവിടം കൊണ്ട് നിർത്താൻ ഇരുവരും തയ്യാറായില്ല. അങ്ങനെയാണ് മിഷേൽ, ആർതർ എന്നയാളെ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിൽ ആർതറുടെ മകളാണ് ലാവീനിയ എന്ന് തിരിച്ചറി‌‌‌ഞ്ഞു. മകളല്ലെങ്കിലും മിഷേലിനെയും തന്‍റെ മകളായി കണക്കാക്കാൻ ആർതർ തയ്യാറായി. മിഷേലിന്‍റെ ഡിഎൻഎ ഫലങ്ങൾ വന്ന അതേ ദിവസം അവരുടെ അമ്മ മരിച്ചു. ജീവിതത്തിൽ ഏറ്റവും ദുഷ്കരമായ ഒരു കാലത്ത് അവർ തന്നെ വന്ന് കണ്ടിരുന്നുവെന്ന് ആർതർ ഇരുവരോടും പറഞ്ഞു. പക്ഷേ, മിഷേലിന്‍റെ പിതാവാരെന്ന് കണ്ടെത്തുന്നതിന് മുമ്പ് അവർ മരിച്ചു. പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ.

Tags