ചെളിക്കൊപ്പം വിഴുങ്ങിയ സ്വർണ്ണത്തരികൾ; താറാവിന്റെ വയറ്റിൽ വിലപിടിപ്പുള്ള തങ്കം

Gold grains swallowed with mud; precious gold in the duck's stomach

കുട്ടിക്കാലത്ത് സ്വർണ്ണമുട്ടയിടുന്ന താറാവിന്റെ കഥ കേൾക്കാത്തവരായി ആരും ഉണ്ടാവില്ല . എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഒരു താറാവിന്റെ വയറ്റിൽ നിന്നും സ്വർണ്ണം ലഭിച്ചാലോ? കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലൂങ്‌വി കൗണ്ടിയിലെ ഒരു വീട്ടിൽ വളർത്തിയ താറാവിനെ കശാപ്പ് ചെയ്തപ്പോഴാണ്  ആ നിധി കണ്ടെത്തിയത്.

tRootC1469263">

താറാവിനെ വൃത്തിയാക്കുന്നതിനിടയിലാണ് അതിന്റെ വയറ്റിൽ തിളങ്ങുന്ന മഞ്ഞ ലോഹക്കഷണങ്ങൾ ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇത് ശേഖരിച്ച് ഉരുക്കി നോക്കിയപ്പോൾ പത്ത് ഗ്രാമിലധികം തൂക്കമുള്ള തങ്കമാണെന്ന് തെളിയുകയായിരുന്നു. ഇതിന് വിപണിയിൽ ഏകദേശം 12,000 യുവാൻ (ഏകദേശം 1,65,821 രൂപ) വിലവരും. ഒരു സാധാരണ താറാവിൽ നിന്ന് ഇത്രയും മൂല്യമുള്ള സ്വർണ്ണം ലഭിച്ചത് ഗ്രാമവാസികളെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ഈ പ്രദേശത്തെ താറാവുകളെ അടച്ചിട്ടല്ല വളർത്തുന്നത്. പണ്ട് കാലത്ത് സ്വർണ്ണ നിക്ഷേപമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന നദിക്കരയിലെ ചെളിയിൽ നിന്നുമാണ് ഇവ ആഹാരം തേടുന്നത്. ചെളിക്കൊപ്പമുള്ള സ്വർണ്ണത്തരികൾ അറിയാതെ വിഴുങ്ങിയതാവാം താറാവിന്റെ വയറ്റിൽ സ്വർണ്ണം രൂപപ്പെടാൻ കാരണമെന്നാണ് കരുതപ്പെടുന്നത്.

മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരത്തിന് സ്വർണ്ണം ദഹിപ്പിക്കാൻ കഴിയില്ല. അതിനാൽ തന്നെ ഉള്ളിലെത്തുന്ന ഇത്തരം ലോഹങ്ങൾ ദഹനപ്രക്രിയയിലൂടെ പുറന്തള്ളപ്പെടാറാണ് പതിവ്. എന്നാൽ ഇവിടെ താറാവിന്റെ ശരീരത്തിനുള്ളിൽ ഇത് വർഷങ്ങളോളം തങ്ങിനിൽക്കുകയായിരുന്നു. മുൻപും ഈ ഗ്രാമത്തിൽ താറാവിന്റെ വയറ്റിൽ നിന്നും ചെറിയ സ്വർണ്ണത്തരികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ അളവിൽ ലഭിക്കുന്നത് ഇതാദ്യമായാണ്.

Tags