സ്വന്തമായി '3 ഏക്കർ ഏലത്തോട്ടവും വീടും', കൊല്ലത്ത് റോഡുവക്കിൽ 'ചെരുപ്പ് തുന്നുന്ന' 70 കാരൻ കോടീശ്വരൻ ; പാഠപുസ്തകത്തിൽ വരേണ്ടത് ഇവരുടെ കഥയെന്ന് ഡോ. ആഷ ഉല്ലാസ്
കെഎസ്ഇബിയിൽ ആയിരുന്നു ജോലി. റിട്ടയേർഡ് ആയി. ബി എസ് സി കഴിഞ്ഞതാണ്. ഇപ്പോൾ വയസ്സ് എഴുപതിന് അടുത്തായി. കെഎസ്ഇബിയിൽ നിന്ന് റിട്ടയർ ആയപ്പോൾ മിക്കവരും വിശ്രമിക്കുന്ന പ്രായത്തിൽ പക്ഷെ പരാശക്തി ബന്ധുക്കളുള്ള കൊല്ലത്തേക്ക് വണ്ടി കയറി. റിട്ടയർമെന്റ് കാശിന് ഇടുക്കിയിൽ 3 ഏക്കർ ഏലത്തോട്ടവും അതിൽ ഒരു വീടും വാങ്ങിയിട്ടു.
റോഡ് വക്കിൽ ചെരുപ്പ് തുന്നി ഉപജീവന മാർഗം കണ്ടെത്തുന്ന നിരവധി പേരെ നാം ദിനംപ്രതികാണാറുണ്ട്. കൊല്ലത്ത് ഇത്തരത്തിൽ റോഡരികിൽ ചെരുപ്പ് തുന്നുന്ന ഒരാളെ കണ്ടപ്പോൾ സാധാരണക്കാരനെന്നു കരുതിയവർക്ക് അതിശയമായി മാറിയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഒരാളുടെ ലാളിത്യവും ജീവിതവീക്ഷണവും ചർച്ചയാകാൻ കാരണമായത് ഡോ. ആഷ ഉല്ലാസ് പങ്കുവച്ച അനുഭവക്കുറിപ്പാണ്. കൊല്ലത്തേക്ക് യാത്രയ്ക്കിടെ തൻറെ ബാഗിന്റെ സിപ് പൊട്ടിപ്പോയത് മാറ്റിയിടാനായി എത്തിയപ്പോഴുണ്ടായ അനുഭവമാണ് ആഷ ഉല്ലാസ് പങ്കുവച്ചത്.
'ബാഗു നന്നാക്കാൻ കൊടുത്തപ്പോൾ പത്തു മിനിറ്റ് എടുക്കും. വെയിറ്റ് പണ്ണുങ്കോ അമ്മാ എന്ന് തമിഴ് കലർന്ന മലയാളത്തിൽ എന്നോട് ഭവ്യതയോടെ പറഞ്ഞു. ബാഗ് നന്നാക്കാൻ കാത്തു നിൽക്കുന്നതിനിടയിൽ ഞാൻ വെറുതെ വിശേഷമൊക്കെ തിരക്കി. പേര്, പരാശക്തി. നാട്, അടിമാലി ഇടുക്കി. കെഎസ്ഇബിയിൽ ആയിരുന്നു ജോലി. റിട്ടയേർഡ് ആയി. ബി എസ് സി കഴിഞ്ഞതാണ്. ഇപ്പോൾ വയസ്സ് എഴുപതിന് അടുത്തായി. കെഎസ്ഇബിയിൽ നിന്ന് റിട്ടയർ ആയപ്പോൾ മിക്കവരും വിശ്രമിക്കുന്ന പ്രായത്തിൽ പക്ഷെ പരാശക്തി ബന്ധുക്കളുള്ള കൊല്ലത്തേക്ക് വണ്ടി കയറി. റിട്ടയർമെന്റ് കാശിന് ഇടുക്കിയിൽ 3 ഏക്കർ ഏലത്തോട്ടവും അതിൽ ഒരു വീടും വാങ്ങിയിട്ടു.
കൊല്ലത്ത് വന്നിട്ട് വെറുതെ ഇരുന്നില്ല. ആരോഗ്യം ഉള്ളപ്പോൾ കെട്ടിടപ്പണിക്ക് പോയി. കിട്ടിയ എല്ലാ ജോലിയും ചെയ്തു.വാർദ്ധക്യം ശരീരത്തെ തളർത്തിയപ്പോൾ വഴിയോരത്ത് ചെരിപ്പും ബാഗും നന്നാക്കുന്ന ‘ആശാന്റെ’ കൂടെ പോയിരുന്നു. പണി പഠിച്ചു. ഇന്ന് ആശാൻ ഇല്ല. അതേ സ്ഥലത്ത് പരാശക്തി ആ ജോലി തുടർന്നു. കെഎസ്ഇബി പെൻഷൻ ഉണ്ട്. എന്നിട്ടും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വെയിലും മഴയും കൊണ്ട് ചെരിപ്പ് തുന്നുന്നു.

കൊല്ലത്ത് വന്നു ജോലി ചെയ്ത പൈസക്ക് 5 സെന്റ് സ്ഥലം വാങ്ങി, ഒരു വീട് വെച്ചു. സ്വന്തം അധ്വാനത്തിൽ. 5 വർഷം മുൻപ് ഭാര്യ മരിച്ചു, മകൾ നഴ്സിംഗ് കഴിഞ്ഞ് പോണ്ടിച്ചേരി ജോലിക്ക് കയറി. ഇപ്പോൾ കൊല്ലത്തെ വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ഇടുക്കിയിലെ ഏലതോട്ടം പാട്ടത്തിന് കൊടുത്തിരിക്കുന്നു. കൊല്ലത്തു ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്ത് താമസം. സ്വന്തമായി പാചകം. മോൾ ഇടയ്ക് വരും. ഏലത്തോട്ടം മഹീന്ദ്ര കമ്പനി വാങ്ങാൻ വന്നിരിക്കുന്നു. “പറഞ്ഞ വില കിട്ടിയാലേ കൊടുക്കൂ” എന്ന ഉറച്ച നിലപാട്. പെൻഷൻ ഉണ്ട്, എന്നിട്ടും ജോലി ചെയ്യുന്നു കാരണം അയാൾക്ക് അറിയാം: വിശ്രമം ശരീരത്തിനാണ്, മനസ്സിനല്ല.
മൂന്ന് ഏക്കർ ഏലത്തോട്ടത്തിന്റെ ഉടമയാണ്, പറഞ്ഞു വന്നാൽ ചെറിയൊരു കോടീശ്വരൻ ആണ്. എന്നിട്ടും തെരുവിൽ ഇരിക്കുന്നു. കാരണം അയാൾക്ക് അറിയാം: അന്തസ്സ് കുപ്പായത്തിലല്ല, അധ്വാനത്തിലാണ്. മകൾ നഴ്സാണ്, എന്നിട്ടും മകൾക്ക് ഭാരമാകുന്നില്ല. കാരണം അയാൾക്ക് അറിയാം: മക്കൾ നമ്മുടെ സ്വത്തല്ല, നമ്മുടെ സ്നേഹമാണ്. അവരെ വിൽക്കാനുള്ളതല്ല. ഭാര്യ പോയിട്ട് 5 വർഷമായി, എന്നിട്ടും തളർന്നില്ല. കാരണം അയാൾക്ക് അറിയാം: ഒറ്റയ്ക്കായാലും നട്ടെല്ല് നിവർന്നേ നിൽക്കാവൂ.
എല്ലാം ഉണ്ടായിട്ടും, ഇന്നും 6 മുതൽ 6 വരെ പണിയെടുക്കുന്നു. കാരണം അയാൾക്ക് അറിയാം: വിയർക്കുന്നത് നിർത്തുന്ന അന്ന് മരിക്കുന്നത് തുടങ്ങും. നമ്മളിൽ പലരും 25 വയസ്സിൽ പറയുന്നു “ജീവിതം മടുത്തു” എന്ന്. 30 വയസ്സിൽ പറയുന്നു “അവസരമില്ല” എന്ന്. 40 വയസ്സിൽ പറയുന്നു “ഇനി സമയമില്ല” എന്ന്. 50 വയസ്സിൽ പറയുന്നു ഇനി വയ്യെന്ന്. വാർദ്ധക്യം ഒരു അസുഖമല്ല. ഒഴിവുകഴിവാണ് അസുഖം.
പരാശക്തി സാറിന് ഒരു ബിഗ് സല്യൂട്ട്. ഇങ്ങനത്തെ മനുഷ്യരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. ഇവരെ പോലുള്ളവരാണ് ഈ ലോകത്തെ മനോഹരമാക്കുന്നതും. പ്രായം തളർത്താത്ത പോരാളി. ഇവരുടെ കഥയാണ് പാഠപുസ്തകത്തിൽ വരേണ്ടത്'. – ഡോ. ആഷ ഉല്ലാസ് വ്യക്തമാക്കുന്നു.
.jpg)

