അറിയാതെ പോകരുത് കണ്ണൂരിലെ ഈ മനയുടെ മാഹാത്മ്യം

google news
kanaprammana

ഓരോ തറവാടും ക്ഷേത്രതുല്യമാണ്‌. അങ്ങനെയുള്ള ഒത്തിരി തറവാടുകളുണ്ട് കണ്ണൂർ ജില്ലയിൽ. നാലുകെട്ടുകളുടെയും മനകളുടെയും നാട്. ഉറവ വറ്റാത്ത ജലസ്രോതസുകളുടെ നാട്. വണ്ണാത്തിപ്പുഴയുടെ തീരത്തെ കൊച്ചുഗ്രാമം..കണ്ണൂർ ജില്ലയിൽ  കൈതപ്രമെന്ന ഗ്രാമത്തെ കുറിച്ച് കേൾക്കാത്തവർ ഉണ്ടാകില്ല. പഴമയുടെ പ്രൗഢി നിലനിർത്തുന്ന കാനപ്രം മനയുണ്ടിവിടെ. നൂറ്റമ്പതിലധികം വർഷത്തെ പഴക്കമുള്ള ഒരു നാലുകെട്ട്. 

അഞ്ഞൂറിലധികം വർഷങ്ങൾക്കു മുമ്പ് കർണാടകത്തിൽ നിന്നും കോലത്തുനാട്ടിലെത്തിയ വൈദിക ബ്രാഹ്മണരുടെ പരമ്പരകളിലൊന്നാണ് തെക്കെ കാനപ്രം. യജുർവേദ പണ്ഡിതരായ ഇവരുടേതാണ് തെക്കേ കാനപ്രം മന. വാസ്തുവിദ്യയുടെ മികവാൽ അപൂർവതകൾ നിറഞ്ഞ ഈ മന ഇന്നും നിലനിർത്തിപ്പോരുകയാണ് ഇന്നത്തെ തലമുറക്കാരനായ ശങ്കരൻ നമ്പൂതിരിയും കുടുംബവും. ഇദ്ദേഹത്തിൻ്റെ അമ്മ അന്തർജനമാണ് ഇവിടെയുള്ളത്.

തച്ചുശാസ്ത്ര വിധി പ്രകാരമുള്ള ഈ നാലുകെട്ടിൽ നാൽപതോളം മുറികളുണ്ട്. ചെങ്കല്ലിൽ തീർത്ത തൂണുകളും, ചിത്രപ്പണികൾ ചെയ്ത വാതിലുകൾ, ജനാലകൾ എന്നിവയും ഏറെ ആകർഷകമാണ്. ഷട്ടർ മാതൃകയിലുള്ള അടുക്കളയിലെ ചെറു ജനലുകളും അഴിക്കൂടുള്ള വാതിലും കൗതുകമുണർത്തുന്നതാണ്. വീടിൻ്റെ ഇരുഭാഗത്തായി ചെങ്കൽ ഗോവണികൾ, ഇരുട്ട് നിറഞ്ഞ നിലവറകൾ, തുടങ്ങി കഥകൾ ഉറങ്ങിക്കിടക്കുന്ന ഒട്ടേറെ ഇടങ്ങൾ ഇവിടെയുണ്ട്. പഴമയുടെ നേർച്ചിത്രങ്ങളായ  കളിമൺ ഭരണികൾ, മരത്തിൽ തീർത്ത ചക്രക്കപ്പി, മരത്തിലും പിച്ചളയിലും തീർത്ത സേവക എന്നു വിളിക്കുന്ന ഇടിയപ്പത്തിൻ്റെ അച്ച്, വട്ടളങ്ങൾ, ഉരൽ, ആവണപ്പലക, അളവുതൂക്ക ഉപകരണങ്ങൾ തുടങ്ങി പുതു തലമുറക്ക് അന്യമായ ഒട്ടേറെ ശേഷിപ്പുകൾ ഈ മനയിൽ കാണാം. കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു ഘടികാരം.. ഏതാണ്ട് ഈ മനയുടെ തന്നെ  പ്രായമുള്ളതാണ് .ടോക്യോയിൽ നിന്നും കൊണ്ടുവന്ന ഈ ക്ലോക്ക് ഓർമകളുടെ നെഞ്ചിടിപ്പുമായി ഇവിടെത്തന്നെയുണ്ട്.

ഒരു മനുഷ്യാധ്വാനത്തിൽ എട്ടു വർഷം കൊണ്ട് പിറന്ന ഒരു കുളവും കുളപ്പുരയും ഈ നാലുകെട്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഏത് കൊടുംവേനലിലും ഉറവ വറ്റാത്ത തെളിഞ്ഞ ജലാശയം. 35 സെൻ്റിലുള്ള ഈ കുളത്തിൻ്റെ ഓരോ പടവും പണി തീർത്ത ശേഷം തൊട്ടടുത്ത മഴക്കാലം കഴിഞ്ഞാണത്രെ പണി തുടർന്നിരുന്നത്. ദീർഘദർശികളായ ശിൽപി പരമ്പരകളുടെ കൈയൊപ്പ് പതിഞ്ഞ ഒരു ഉത്തമ കലാസൃഷ്ടി തന്നെയാണ് തെക്കേ കാനപ്രം മന.

Tags