മഴ :വയനാട് ജില്ലയിൽ ക്വാറികൾ-വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം
വയനാട് : ജില്ലയിൽ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.
ക്വാറികൾ, ഹോം സ്റ്റേ, റിസോർട്ട് ഉൾപ്പെടെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചർ ടൂറിസം സെന്ററുകൾ, ട്രക്കിങ് എന്നിവ നിർത്തിവെയ്ക്കണമെന്നാണ് ഉത്തരവ്. ജില്ലയിൽ ദുരന്തസാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ടൗൺഷിപ്പ് നിർമ്മാണ മേഖലയിൽ മണ്ണൊലിപ്പ് ഭീക്ഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ, കൽപ്പറ്റ നഗരസഭ സെക്രട്ടറിമാർ സംയുക്തമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്. കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത മേഖല, മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിത പ്രദേശങ്ങളിലെ ആളുകളെ ആവശ്യമെങ്കിൽ മാറ്റിതാമസിപ്പിക്കാൻ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടിറിക്കും നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 52(ബി) പ്രകാരം ശിക്ഷാ നടപപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
.jpg)

