യുഎഇ പ്രവാസികൾക്ക് സന്തോഷവാർത്ത; പെരുന്നാൾ അവധിക്ക് വിസയില്ലാതെ യാത്ര ചെയ്യാം
യുഎഇ പ്രവാസികൾക്ക് സന്തോഷവാർത്ത. വലിയ പെരുന്നാൾ അവധി ദിവസങ്ങൾ ആഘോഷമാക്കാൻ വിസ നടപടികളുടെ നൂലാമാലകളില്ലാതെ പാസ്‌പോർട്ടുമായി എളുപ്പത്തിൽ ചില രാജ്യങ്ങൾ സന്ദർശിക്കാം. ജോർജിയ മുതൽ യൂറോപ്യൻ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ആദ്യത്തെ രാജ്യം ജോർജിയ ആണ്. മഞ്ഞുമൂടിയ മലനിരകളും മനോഹരമായ കാലാവസ്ഥയുമുള്ള ഇവിടെ യുഎഇ റെസിഡൻസ് വിസയുള്ളവർക്ക് വിസയില്ലാതെ തന്നെ പ്രവേശിക്കാം. അസർബൈജാൻ ആണ് മറ്റൊരു രാജ്യം. ആധുനികതയും പാരമ്പര്യവും ഒത്തുചേരുന്ന ഈ രാജ്യത്ത് യുഎഇ നിവാസികൾക്ക് 'വിസ ഓൺ അറൈവൽ' സൗകര്യം ലഭ്യമാണ്.
അർമേനിയയിലും യുഎഇ പ്രവാസികൾക്ക് വിസാ ബുദ്ധിമുട്ടുകളില്ലാതെ യാത്ര ചെയ്യാം. ചരിത്ര പ്രസിദ്ധമായ കാഴ്ചകളും പ്രകൃതിഭംഗിയും നിറഞ്ഞ ഇവിടം ബജറ്റ് യാത്രകൾക്ക് ഏറ്റവും അനുയോജ്യമാണ്. പ്രകൃതി സ്നേഹികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് കിർഗിസ്ഥാൻ. ഈ രാജ്യത്തേക്കും ലളിതമായ നടപടികളിലൂടെ യാത്ര ചെയ്യാം.
യൂറോപ്യൻ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഇടമാണ് മോണ്ടിനെഗ്രോ. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങളും ശ്രദ്ധിക്കണം. പാസ്‌പോർട്ട് കാലാവധി: കുറഞ്ഞത് ആറ് മാസമെങ്കിലും ഉണ്ടായിരിക്കണം. യുഎഇ റെസിഡൻസ് വിസയ്ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധി അത്യാവശ്യമാണ്.
പെരുന്നാൾ പ്രമാണിച്ച് ടിക്കറ്റ് നിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നത് ലാഭകരമായിരിക്കും. വിസ നിയമങ്ങൾ ഇടയ്ക്കിടെ മാറാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപായി ഔദ്യോഗിക വിവരങ്ങൾ ഒരിക്കൽ കൂടി ഉറപ്പുവരുത്തുക. ഈ പെരുന്നാൾ അവധി അവിസ്മരണീയമാക്കാൻ ഒരു വിദേശ യാത്ര പ്രവാസികൾക്ക് ആസ്വദിക്കാം.
.jpg)

