5 വർഷത്തെ ടൂറിസ്റ്റ് വിസയുമായി യുഎഇ
ദുബൈ: നാട്ടിൽ നിന്നും ദുബൈയിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്കായി സ്‌പോൺസറോ പ്രാദേശിക ഗ്യാരന്ററോ ഇല്ലാതെ അഞ്ച് വർഷത്തേക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് യുഎഇ.
എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാവുന്ന ഈ വിസയുടെ വിശദാംശങ്ങളും അപേക്ഷാ രീതിയും അധികൃതർ പുറത്തുവിട്ടു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്‌സ് ദുബൈ (ജിഡിആർഎഫ്എ) വഴി ലഭ്യമാകുന്ന ഈ വിസ ഉപയോഗിച്ച് സഞ്ചാരികൾക്ക് അഞ്ച് വർഷത്തിനിടയിൽ എത്ര തവണ വേണമെങ്കിലും യുഎഇ സന്ദർശിക്കാം. മുൻപ് പ്രാദേശിക സ്‌പോൺസർമാരോ കമ്പനികളോ ആവശ്യമായിരുന്നിടത്താണ് ഇളവ് വരുത്തിയത്.
വിസ ലഭിക്കുന്ന തിയതി മുതൽ 5 വർഷമാണ് കാലാവധി. ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ തങ്ങാം. ആവശ്യമെങ്കിൽ ഇത് 90 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ സാധിക്കും. ഒരു വർഷത്തിനുള്ളിൽ ആകെ താമസിക്കാവുന്ന പരമാവധി സമയം 180 ദിവസത്തിൽ കവിയരുത്.
വിസയ്ക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടിന്റെ കോപ്പി, ഫോട്ടോ, യുഎഇയിൽ സാധുതയുള്ള ഹെൽത്ത് ഇൻഷുറൻസ്, മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ്. അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്. കഴിഞ്ഞ 6 മാസത്തിലുടനീളം അക്കൗണ്ടിൽ കുറഞ്ഞത് 4,000 അമേരിക്കൻ ഡോളറോ ഇതിന് തുല്യമായ മറ്റ് കറൻസിയോ സൂക്ഷിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതിനാവശ്യമായി രേഖകൾ എന്നിവ ആവശ്യമാണ്. 3713 ദിർഹമാണ് വിസയ്ക്ക് ചെലവ് വരുന്നത്.
.jpg)

