സാഹസിക വിനോദസഞ്ചാര മേഖലയില്‍ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം

Tourism potential in Malabar: Tourism department with Bitubi discussion
Tourism potential in Malabar: Tourism department with Bitubi discussion

തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാര മേഖലയില്‍ യുവതലമുറയ്ക്ക് നവീന തൊഴിലവസരമൊരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ടൂറിസം വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്സ്) കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും (കെഎടിപിഎസ്) സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
 
മാര്‍ച്ച് 12 നു തുടങ്ങുന്ന ആദ്യ പരിശീലന പരിപാടിയില്‍ മൂന്നാര്‍ ഗവണ്‍മെന്‍റ് കോളേജിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ബുധനാഴ്ച (മാര്‍ച്ച് 12) വൈകിട്ട് അഞ്ചിന് ടൂറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് പരിശീലന പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
 
ചെറുപ്പക്കാര്‍ക്ക് വലിയ തൊഴില്‍ സാധ്യതയുള്ള മേഖലയാണ് സാഹസിക വിനോദസഞ്ചാരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഒട്ടനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് സാഹസിക വിനോദസഞ്ചാരം കേരളത്തിലുടനീളം വ്യാപിക്കുകയാണ്. ലഹരി വിരുദ്ധ പോരാട്ടത്തില്‍ യുവാക്കളെ പങ്കാളികളാക്കുന്നതിനും തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള സുപ്രധാന ചുവടുവയ്പാണിത്.
 
സംസ്ഥാനത്തുടനീളമുള്ള യുവജനങ്ങളെ ഉള്‍പ്പെടുത്തി ഘട്ടം ഘട്ടമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുക. കേരളത്തിലേക്കെത്തുന്ന സാഹസിക വിനോദ സഞ്ചാരികളെ സഹായിക്കുന്നതിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും പരിശീലനം നേടിയ യുവജനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴു ദിവസത്തെ പരിശീലന പരിപാടിയില്‍ വിജയികളാകുന്നവര്‍ക്ക് അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തൊഴില്‍ ലഭിക്കും. അഡ്വഞ്ചര്‍ ആക്ടിവിറ്റി അസിസ്റ്റന്‍റ്, അഡ്വഞ്ചര്‍ ആക്ടിവിറ്റി സൂപ്പര്‍വൈസര്‍, നേച്വര്‍ ഇന്‍റര്‍പ്രട്ടര്‍ എന്നീ ചുമതലകളിലേക്കാണ് പരിശീലനം നല്‍കുക.

സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി ഈ വര്‍ഷം സര്‍ഫിംഗ്, മൗണ്ടെയ്ന്‍ ടെറൈന്‍ ബൈക്കിംഗ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതല്‍ 13 വരെ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ നടക്കും. ഏപ്രില്‍ അവസാന വാരത്തില്‍ വയനാട്ടിലെ മാനന്തവാടിയിലാണ് മൗണ്ടെയ്ന്‍ ടെറൈന്‍ ബൈക്കിംഗ് ചാമ്പ്യന്‍ഷിപ്പ് (എംടിബി കേരള 2025) നടക്കുക. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുമായി സഹകരിച്ച് ജില്ലാ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നത്.

Tags

News Hub