കാസർകോട് ജില്ലയുടെ ടൂറിസം വികസന സാധ്യതകൾ ചർച്ച ചെയ്യും : ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്

VISHNUNATH

കാസർകോട്  :ബീച്ചും കായലും ഹിൽ സ്റ്റേഷനും സാഹസിക ടൂറിസവും ഫാം ടൂറിസവും ഉൾപ്പടെ കാസർകോട് ജില്ലയുടെ സമഗ്ര ടൂറിസം സാധ്യതകൾ ചർച്ച ചെയ്യുന്നതിന് ആവശ്യമായ വേദിയൊരുക്കുമെന്ന് ടൂറിസം, സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. റാണിപുരം ഹിൽസ്റ്റേഷനിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ടൂറിസം കോംപ്ലക്‌സ് ഗസ്റ്റ് ഹൗസിന്റെയും സൗന്ദര്യവൽക്കരണത്തിന്റേയും  നവീകരണത്തിന്റെയും പൂർത്തീകരണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

റാണിപുരത്ത് ചിൽഡ്രൻസ് പാർക്ക് നവീകരിക്കുന്നതിന്  നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രപ്പോസൽ സമർപ്പിച്ചാൽ അടുത്ത വർക്കിംഗ് ഗ്രപ്പിൽ അംഗീകാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. കേരള ടൂറിസത്തിന്റെ മാർക്കറ്റിംഗ് ശ്യംഖലയിൽ കാസർകോട് ജില്ലയുടെ ടൂറിസം കേന്ദ്രങ്ങൾ കൂടി ഇടം പിടിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.  വിനോദ സഞ്ചാരികളുടെ അഭിരുചികൾക്ക് അനുസൃതമായ ടൂറിസം സംരംഭങ്ങൾ ആരംഭിക്കണമെന്നും മന്ത്രിനിർദേശിച്ചു. റാണിപുരം മികച്ച ടൂറിസം കേന്ദ്രമാണ്. ഇത് ടൂറിസം മാർക്കറ്റിംഗിൽ സ്ഥാനം നേടിയാൽ വിദേശ വിനോദ സഞ്ചാരികൾ അടക്കം ഇവിടെ വരുമെന്ന് മന്ത്രി പറഞ്ഞു.  പ്രകൃതിയെ നശിപ്പിക്കാതെ പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

Tags