രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേഭാരത് റെഡി, എത്തുന്നത് 12 എണ്ണം; 2027-ൽ ബുള്ളറ്റ് ട്രെയിനും ​​​​​​​

vande bharat

ന്യൂഡൽഹി: രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് ഗുവാഹാട്ടിയിൽനിന്ന് കൊൽക്കത്തയിലേക്ക് ഉടൻ സർവീസ് ആരംഭിക്കും. മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് സ്ലീപ്പർ വണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

tRootC1469263">

ആയിരം കിലോമീറ്ററിലധികം ദൈർഘ്യമുള്ള യാത്രകൾക്കാണ് സ്ളീപ്പർ വന്ദേഭാരത് ഏർപ്പെടുത്തുന്നതെന്നും യാത്രക്കാർക്ക് ലോകനിലവാരമുള്ള സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വർഷം 12 സ്ലീപ്പർ വണ്ടികൾ കൂടി

ദീർഘദൂരയാത്രയ്ക്ക് ഇണങ്ങുന്ന രീതിയിലാണ് കോച്ച്‌ നിർമാണം. ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക ശൗചാലയങ്ങൾ, സിസിടിവി സൗകര്യം, ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്‌പ്ലേകൾ, പ്രത്യേകം രൂപകല്പന ചെയ്ത ബെർത്തുകൾ, ശബ്ദനിയന്ത്രണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയവയുണ്ട്‌. കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള കവച് സംവിധാനവുമുണ്ടാകും. ഈ വർഷം അവസാനത്തോടെ 12 വന്ദേഭാരത് സ്ലീപ്പർ വണ്ടികൾ കൂടി സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.

മണിക്കൂറിൽ 180 കിലോമീറ്റർ വേഗം ഉറപ്പാക്കുന്ന രീതിയിലാണ് സ്ളീപ്പർ വന്ദേഭാരത് നിർമാണം. 16 കോച്ചുകളുണ്ട്‌. 11 ത്രീ-ടയർ എസി കോച്ചുകൾ (611 സീറ്റുകൾ), നാല്‌ ടു-ടയർ എസി കോച്ചുകൾ (188 സീറ്റുകൾ), ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് (24 സീറ്റുകൾ) എന്നിവയുണ്ടാകും. 823 പേർക്ക്‌ യാത്രചെയ്യാം.

തേഡ് എസി(ത്രീ ടയർ) സീറ്റിന്‌ ഭക്ഷണമുൾപ്പെടെ ടിക്കറ്റ് നിരക്ക് 2300 രൂപയാണ്‌. ടു ടയറിന്‌ 3000 രൂപയും ഫസ്റ്റ്‌ ക്ളാസ്‌ എസിക്ക്‌ 3900 രൂപയുമാണ്‌ നിരക്ക്‌. ഈ റൂട്ടിൽ വിമാനനിരക്ക് ആറായിരം മുതൽ പതിനായിരം രൂപവരെയാണെന്നും ഇടത്തരക്കാരെ മനസ്സിൽ കണ്ടാണ് നിരക്കുകൾ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 രാജ്യത്തെ റെയിൽഗതാഗത രംഗത്ത് ചരിത്രംകുറിച്ച് ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15-ന് സർവീസ്‌ തുടങ്ങും. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിൽ ഉൾപ്പെട്ട സൂറത്ത്-ബിലിമോറ സെക്‌ഷനിലെ 100 കിലോമീറ്ററിലാകും ആദ്യ സർവീസ് നടത്തുക.

രണ്ടാംഘട്ടത്തിൽ വാപി- സൂറത്ത്, മൂന്നാംഘട്ടത്തിൽ വാപി-അഹമ്മദാബാദ്, നാലാം ഘട്ടത്തിൽ താനെ-അഹമ്മദാബാദ്, അവസാനഘട്ടത്തിൽ മുംബൈ-അഹമ്മദാബാദ് എന്നിങ്ങനെ സർവീസ് ആരംഭിക്കും. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അതിവേഗ വണ്ടികൾക്ക് അനുയോജ്യമായ രീതിയിലാണ് റെയിൽ കോറിഡോർ നിർമാണം.

Tags