സാധാരണയിൽ നിന്നും വ്യത്യസ്ഥമായ ഇന്ത്യയിലെ അപൂർവ ബീച്ചുകൾ !
സന്തോഷമായാലും സങ്കടമായാലും പലരും പോകാൻ ഇഷ്ട്ടപ്പെടുന്ന സ്ഥലങ്ങലിൽ ഒന്നാണ് ബീച്ച്. ആർത്തുല്ലസിച്ച് വരുന്ന തിരമാലകളുടെ ശബ്ദവും നീലാകാശവും പൊൻകിരണങ്ങളിൽ മിന്നുന്ന വെളുത്ത മണലുമാണ് സാധാരണയായി കണ്ടുവരുന്ന ബീച്ചുകളുടെ പ്രത്യേകത. എന്നാൽ ഈ പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി, കറുത്ത മണൽത്തീരങ്ങൾ കൊണ്ട് ശ്രദ്ധേയമായ ചില മനോഹരമായ ബീച്ചുകളും ഇന്ത്യയിൽ ഉണ്ട്. അവയുടെ സൗന്ദര്യവും പ്രത്യേകതയും അറിയാം....
മണ്ഡവ ബീച്ച്
മഹാരാഷ്ട്രയിലെ കിഹിം ബീച്ചിൽ നിന്ന് 13 കിലോമീറ്ററും അലിബാഗിൽ നിന്ന് 19 കിലോമീറ്ററും അകലെയായി, റായ്ഗഡ് ജില്ലയിലെ മണ്ഡവ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ബീച്ചാണ് മണ്ഡവ ബീച്ച്. മുംബൈ നഗരത്തിൽ നിന്നുള്ളവർക്ക് പ്രശസ്തമായ വാരാന്ത്യ ബീച്ച് ഡെസ്റ്റിനേഷനാണിത്. മുംബൈയിൽ നിന്ന് ഫെറിയിൽ ഇവിടേക്ക് എത്തിച്ചേരാം. ബീച്ചിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച ശരിക്കും മനോഹരമാണ്. കൂടാതെ ബുദ്ധ ഗുഹകൾ, സിനഗോഗ് തുടങ്ങിയ കാഴ്ചകൾക്കും ജെറ്റ് സ്കീ, കയാക്കിങ്, ബനാന ട്യൂബ് റൈഡ്, വാട്ടർ സ്‌കൂട്ടറുകൾ തുടങ്ങിയ ജല കായിക വിനോദങ്ങൾക്കും പേരുകേട്ടതാണ് ഇവിടം.
തിൽമതി ബീച്ച്, കർണാടക
ബെംഗളൂരുവിൽ നിന്ന് ഏകദേശം 435 കിലോമീറ്റർ അകലെയായി, ഉത്തര കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കാർവാറിലെ തിൽമതി ബീച്ച് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കറുത്ത എള്ള് പോലെയുള്ള മണലാണ് ഇവിടെയുള്ളത്, അതുകൊണ്ടാണ് ബീച്ചിന് ‘തിൽമതി’ എന്ന പേര് ലഭിച്ചത്. ചുറ്റുമുള്ള ബസാൾട്ടിക് പാറകളുടെ സാന്നിധ്യമാണ് മണലിന് ഈ നിറം വരാൻ കാരണം. ഉദയാസ്തമയ സമയങ്ങളിൽ ബീച്ചിൻറെ മനോഹാരിത ആസ്വദിക്കാനായി ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം വളരെയേറെയാണ്.
നവപൂർ ബീച്ച്, മഹാരാഷ്ട്ര
പൂനെ നഗരത്തിൽ നിന്നും നിന്ന് അഞ്ച് മണിക്കൂർ മാത്രം അകലെയാണ് ഈ മനോഹരമായ ബീച്ച്. ബീച്ചിൽ നിറയെ തെങ്ങിൻതോപ്പുകളാണ്. കൂടാതെ, പോഹ, ചായ, വട പാവ് എന്നിവ വിളമ്പുന്ന പ്രാദേശിക ഫുഡ് സ്റ്റാളുകളും ഇവിടെ ധാരാളമുണ്ട്. ഫാമിലി പിക്നിക്കിനും സുഹൃത്തുക്കളുമൊത്തുള്ള ഔട്ടിങ്ങിനും അനുയോജ്യമായ സ്ഥലമാണ് ഇവിടം.
രേവദണ്ഡ ബീച്ച്
കറുത്ത മണലും ശാന്തമായ തിരമാലകളുമാണ് രേവദണ്ഡ ബീച്ചിൻറെ പ്രധാന ആകർഷണം. ഒരു ചിത്രമെന്ന പോലെ മനോഹരമാണ് ഈ ബീച്ച്. രേവദണ്ഡ ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട ഒരു കോട്ടയുണ്ട്, മുൻപ് രാജാക്കന്മാരും രാജ്ഞിമാരുമെല്ലാം താമസിച്ചിരുന്ന ഒരു കൊട്ടാരമായിരുന്നു ഈ കോട്ട. പൂനെയിൽ നിന്നും മുംബൈയിൽ നിന്നും ഏതാനും മണിക്കൂറുകൾ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.
കൊർളായി ബീച്ച്
കരിമണൽ കൊണ്ട് ചുറ്റപ്പെട്ട മനോഹരമായ മറ്റൊരു ബീച്ചാണ് മഹാരാഷ്ട്രയിലെ കൊർലായ് ബീച്ച്. അലിബാഗ് പട്ടണത്തിൽ നിന്ന് അൽപം അകലെയായി, കോർലായ് എന്ന മത്സ്യത്തൊഴിലാളികളുടെ ഗ്രാമത്തിലാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. മഴക്കാലമാകുമ്പോൾ പച്ച, മഞ്ഞ നിറങ്ങളിൽ കളകളും പിങ്ക് ഓക്സലിസ് പൂക്കളുമെല്ലാം നിറയുന്ന തീരം കാണാൻ നിരവധി ആളുകൾ എത്തുന്നു. കൂടാതെ, പുരാതനമായ ഒരു കോട്ടയും ഒരു വിളക്കുമാടവും ചെറിയ വർണാഭമായ ധാരാളം വീടുകളും ബീച്ചിന് ചുറ്റുമായി കാണാം.
.jpg)

