റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിന് പുതുമുഖം; നവീകരണ പ്രവൃത്തികൾ പൂർത്തിയായി
കാസർഗോട് :ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിൽ സംസ്ഥാന ടൂറിസം വകുപ്പ് 1.93 കോടി രൂപ ചെലവിൽ നടപ്പാക്കിയ സൗന്ദര്യവത്ക്കരണ, നവീകരണ പ്രവൃത്തികൾ പൂർത്തിയായി. നവീകരിച്ച ടൂറിസ്റ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നവംബർ 10-ന് ഉച്ചയ്ക്ക് രണ്ടിന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും.
വിനോദസഞ്ചാരികൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും താമസസൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ആകെ 1,93,20,986 രൂപയുടെ രണ്ട് പദ്ധതികളാണ് റാണിപുരത്ത് നടപ്പാക്കിയത്. സിൽക്ക് (SILK) മുഖേന 96,67,129 രൂപ ചെലവിലാണ് സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ആംഫി തിയേറ്റർ, നീന്തൽക്കുളം, സ്റ്റീൽ പാലം, സംരക്ഷണ ഭിത്തി, ശുചിമുറി ബ്ലോക്ക്, കുഴൽക്കിണർ എന്നിവയുടെ നിർമാണവും പ്രവേശന കവാടം, ലൈബ്രറി കെട്ടിടം എന്നിവയുടെ സൗന്ദര്യവൽക്കരണവും പൂർത്തീകരിച്ചു. കൂടാതെ ലാൻഡ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങൾ, കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
കെൽ (KEL) മുഖേന 96,53,857 രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. കോട്ടേജുകൾ, ഗസ്റ്റ് ഹൗസ്, മീറ്റിംഗ് ഹാൾ, പവലിയൻ എന്നിവ ഇതിന്റെ ഭാഗമായി നവീകരിച്ചു. പുതിയ നടത്തിപ്പുകാരന്റെ നേതൃത്വത്തിൽ നാല് കോട്ടേജുകൾ ആവശ്യമായ ഫർണിച്ചറുകൾ ഉൾപ്പെടെ സജ്ജീകരിക്കുകയും എട്ട് മുറികൾ കൂടി സന്ദർശകർക്കായി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. റിസോർട്ടിലെ റസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പ്രകൃതിരമണീയമായ മലനിരകളും പുൽമേടുകളും വനസമ്പത്തും നിറഞ്ഞ റാണിപുരത്തേക്ക് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാനും പ്രദേശത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ടൂറിസം മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. റിസോർട്ട് ബുക്കിംഗിനായി 9446233653, 0467 2227755, 9847092928 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
.jpg)

