പൊക്കാളിപ്പാടങ്ങളിൽ കവര് പൂത്തുതുടങ്ങി;കുമ്പളങ്ങി നൈറ്റ്സ് ആസ്വദിക്കാനെത്തുന്നത് നിരവധി പേര്


തോപ്പുംപടി: പൊക്കാളിപ്പാടങ്ങളില്‍ കവര് പൂത്തുതുടങ്ങി. നിലാവെളിച്ചമില്ലാത്ത രാവുകളില്‍, ജലാശയങ്ങളില്‍ കാണുന്ന നീലവെളിച്ചമാണ് കവര്. വേനല്‍ കനക്കുമ്പോള്‍, പാടശേഖരങ്ങളിലെ വെള്ളത്തില്‍ ഉപ്പ് കൂടും. ഈ സമയത്താണ് വെള്ളത്തില്‍ നീലവെളിച്ചം കാണുന്നത്. തിളങ്ങുന്ന നീലനിറമായിരിക്കും വെള്ളത്തിന്. ചെറുതായൊന്ന് ചലിപ്പിച്ചാല്‍ വെള്ളം, നീലനിറത്തില്‍ വെട്ടിത്തിളങ്ങും. ആരെയും മോഹിപ്പിക്കുന്ന കാഴ്ചയാണത്. കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളിലാണ് കവര് കാണുന്നത്. ഈ രണ്ട് ഗ്രാമങ്ങളിലും വിശാലമായ പൊക്കാളി പാടങ്ങളുണ്ട്.
വേനലാകുമ്പോള്‍ ഇവിടമെല്ലാം ഉപ്പ് നിറഞ്ഞു കിടക്കും. കുംഭ, മീനമാസ രാത്രികളിലെ കൂരിരുട്ടില്‍, ജലാശയങ്ങളിലെ വെള്ളം വെട്ടിത്തിളങ്ങുന്ന കാഴ്ച കാണുന്നതിന് ഈ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. കഴിഞ്ഞ വര്‍ഷം കുമ്പളങ്ങിയില്‍ മാത്രം ലക്ഷങ്ങളാണ് കൗതുകക്കാഴ്ച കാണാനെത്തിയത്. കുമ്പളങ്ങി ടൂറിസം ഗ്രാമത്തിലെ ഒരു ടൂറിസം പ്രോഡക്ടായി കവര് മാറിയിരിക്കുകയാണ്.

ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ പുറപ്പെടുവിക്കുന്ന പ്രകാശത്തെയാണ് കവര് എന്ന് വിളിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു. ബയോലൂമിനസെന്‍സ് എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുന്നതിനാണ് ഈ ജീവികള്‍ പ്രകാശം പുറപ്പെടുവിക്കുന്നതത്രെ. ഇണയെ ആകര്‍ഷിക്കാനും ഇരയെ പിടികൂടാനുമൊക്കെ ഈ ജീവികള്‍ പ്രകാശത്തെ ഉപയോഗിക്കുന്നു. അവയുടെ പ്രതിരോധ മാര്‍ഗം കൂടിയാണിത്. തണുത്ത വെളിച്ചം എന്നും കവര് അറിയപ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കുമ്പളങ്ങിയിലെ പൊക്കാളിപ്പാടങ്ങളിലേക്ക് രാത്രികാലങ്ങളില്‍ ജനപ്രവാഹമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ കവര് കണ്ടുതുടങ്ങിയിരുന്നു. ഇക്കുറി ചെല്ലാനം പ്രദേശങ്ങളിലാണ് കവര് കാണുന്നത്. വേലിയേറ്റം ശക്തമായതിനാല്‍ കവര് കാണല്‍ വൈകിയതായി ചെല്ലാനം സ്വദേശി വി.ടി. സെബാസ്റ്റ്യന്‍ പറയുന്നു. ആകാശത്ത് ചന്ദ്രനുള്ളപ്പോള്‍, നിലാവെളിച്ചമുള്ളതിനാല്‍ കവരിന് തെളിച്ചമുണ്ടാവില്ലെന്നും സെബാസ്റ്റ്യന്‍ പറയുന്നു. ഇപ്പോള്‍ പുലര്‍ച്ചെ രണ്ടിനുശേഷമാണ് കവര് കാണുന്നത്. വെളുത്തവാവ് കഴിഞ്ഞാല്‍ ചന്ദ്രന്റെ ഗതിമാറും. അതായത് മാര്‍ച്ച് പകുതി കഴിഞ്ഞാല്‍, സന്ധ്യാസമയത്തുതന്നെ കവര് എല്ലാ ഭാഗത്തും കാണാനാകും.
കുമ്പളങ്ങി, ചെല്ലാനം മേഖലകളില്‍ കവര് ഒരു പുതിയ സംഭവമല്ല. കാലങ്ങള്‍ക്ക് മുന്‍പുതന്നെ ഇവിടെ കവര് എന്ന പ്രതിഭാസമുണ്ട്. നാട്ടുകാര്‍ക്ക് അതറിയാം. അവര്‍ക്ക് അതൊരു കൗതുകവുമല്ല. എന്നാല്‍, കുമ്പളങ്ങിയില്‍ ചിത്രീകരിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രമാണ്, കവര് എന്ന പ്രതിഭാസത്തെ കേരളത്തിന് പരിചയപ്പെടുത്തിയത്. സിനിമ ഇറങ്ങിയതോടെ, കവര് കാണാന്‍ നൂറുകണക്കിനാളുകള്‍ കുമ്പളങ്ങിയില്‍ എത്തിത്തുടങ്ങി.
സിനിമ ഇറങ്ങിയ ശേഷം എല്ലാ സീസണിലും കവര് കാണാന്‍ ആളുകള്‍ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ വര്‍ഷം കവര് കണ്ടു തുടങ്ങിയപ്പോള്‍, കുമ്പളങ്ങിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. വരുന്നവര്‍ ചെമ്മീന്‍പാടങ്ങളില്‍ ഇറങ്ങി, വെള്ളം ഇളക്കാനും കലക്കാനുമൊക്കെ ശ്രമിച്ചു. പാടം കൈകാര്യം ചെയ്യുന്നവര്‍ക്ക് ശല്യമായി. കവര് കാണുന്നതിന് നല്ല സൗകര്യമൊരുക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതൊരു ടൂറിസം പ്രോഡക്ടായി കണ്ട്, കവര് കാണുന്നതിനും രാത്രി ചെലവഴിക്കുന്നതിനുമൊക്കെ സൗകര്യമുണ്ടാക്കണം. നല്ല ഭക്ഷണവും നല്‍കാം