ഷില്ലോങ്ങിൽ പിങ്ക് വസന്തം; ചെറി ബ്ലോസം ഫെസ്റ്റിവലിനായി ഒരുങ്ങി മേഘാലയ
നവംബർ മാസത്തിൽ പൂക്കളുടെ മനോഹാരിത ആസ്വദിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാരെ കാത്തിരിക്കുകയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്. നഗരത്തിലെ ചെറി ബ്ലോസം മരങ്ങൾ പൂത്തുലയുന്നതോടെ വഴിയോരങ്ങളും ഉദ്യാനങ്ങളും പിങ്ക് നിറത്തിലാകും. ഈ പ്രകൃതിഭംഗിക്കൊപ്പം സംഗീതവും കലയും ഭക്ഷണവും ചേർന്ന ചെറി ബ്ലോസം ഫെസ്റ്റിവലും നഗരത്തെ ആഘോഷലഹരിയിലാക്കും.
2026 നവംബർ 20, 21 തീയതികളിലാണ് ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത്. പ്രാദേശികവും അന്തർദേശീയവുമായ സംഗീതപ്രകടനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ, കലാപരിപാടികൾ എന്നിവയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ. പൂക്കാലത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പരിപാടികൾ ആസ്വദിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.
വാർഡ്സ് ലേക്ക്, ഷില്ലോങ് ഗോൾഫ് കോഴ്സ്, ഉമിയം തടാകം തുടങ്ങിയ ഇടങ്ങളാണ് ചെറി ബ്ലോസം കാഴ്ചകൾക്കായി സന്ദർശിക്കാവുന്ന പ്രധാന കേന്ദ്രങ്ങൾ. നഗരത്തിന് പുറത്തുള്ള ഖാസി മലനിരകളിലേക്കും യാത്ര നീട്ടാം. പ്രകൃതിഭംഗിയും സംഗീതവും ഒരുമിച്ച് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ മാസത്തിൽ ഷില്ലോങ് മികച്ചൊരു യാത്രാനുഭവമാകും.
.jpg)

