കാടും മലയും വലിഞ്ഞുകയറാൻ ഇഷ്ടമാണോ ...? വരൂ പാലുകാച്ചിമലയിലേക്ക്
paalukachimala

സാഹസികത ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും . കുന്നുകളും മലകളും കാടുകളും താണ്ടി യാത്രചെയ്യുന്നവർ . സാഹസികത ഇഷ്ടമുള്ളവര്‍ക്ക് ഒരു അടിപൊളി അവസരമൊരുക്കുകയാണ് കണ്ണൂർ കൊട്ടിയൂരിലെ പാലുകാച്ചിമല . ജൂലായ് 31ന് ഞായറാഴ്ച മുതല്‍ പാലുകാച്ചിമല സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും .

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നു മലകള്‍ ചേര്‍ന്നതാണ് പാലുകാച്ചി മല. ശിവ-പാര്‍വ്വതി പരിണയത്തിന്റെ കഥകളുമായി ബന്ധപ്പെട്ടാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചതെന്നാണ് ഐതീഹ്യം. വിവാഹശേഷം ശിവനും പാര്‍വ്വതിയും ഈ പ്രദേശത്ത്, എല്ലാ ദേവന്മാര്‍ക്കുമായി ഒരു വിരുന്ന് ഒരുക്കിയെന്നും, പാല് കാച്ചാനായി അവര്‍ അവിടുത്തെ മൂന്ന് പര്‍വ്വതശിഖരങ്ങള്‍ അടുപ്പായി ഉപയോഗിച്ചുവെന്നുമാണ് കഥ. ഈ ഐതീഹ്യത്തെ പിന്‍പറ്റിയാണ് പ്രദേശത്തിന് പാലുകാച്ചിമല എന്ന പേര് ലഭിച്ചത്.

മലമുകളില്‍ പാല്‍ തിളയ്ക്കുന്ന പോലെ മേഘങ്ങളും കോടമഞ്ഞും നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന കാഴ്ചകള്‍ പുലര്‍ച്ചെ കാണാന്‍ സാധിക്കും. അതിമനോഹരമായ ഈ ദൃശ്യമാണ് പ്രദേശത്തിന് ഈ പേര് നേടിക്കൊടുത്തെന്നും പറയുന്നു. ജൈവവൈവിധ്യത്തിന്റെ കലവറയാണ് പാലുകാച്ചി മല. പാലുകാച്ചി മല ഉള്‍ക്കൊള്ളുന്ന മലനിരകളുടെ വടക്ക് കിഴക്ക് ഭാഗത്താണ് വയനാട്ടിലെ ബ്രഹ്‌മഗിരി കുന്നുകളിലുള്ള പ്രശസ്ത ട്രെക്കിംഗ് കേന്ദ്രമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്.

paalukachimal1


പാലുകാച്ചിമലയിലെ ബേസ് ക്യാമ്പിലേക്ക് മൂന്ന് പാതകളാണ് നിലവിലുള്ളത്. ഗ്രാമീണ ടൂറിസവും പ്ലാന്റേഷനും കോര്‍ത്തിണക്കി കേളകം - അടക്കാത്തോട് - ശാന്തിഗിരി വഴി എത്തുന്ന രീതിയിലാണ് ഒരു പാത. ട്രക്കിംഗ് തല്‍പരര്‍ക്കായിട്ടുള്ള സാഹസികപാതയായ ചുങ്കക്കുന്ന് നിന്ന് പാലുകാച്ചിയിലേക്ക് എത്തുന്നതാണ് രണ്ടാമത്തെ വഴി. നീണ്ടുനോക്കിയില്‍ നിന്ന് പാലുകാച്ചി എത്തുന്ന ഐതിഹ്യപാതയാണ് മൂന്നാമത്തെ പാത. ഈ മൂന്ന് പാതകളും ചെന്നുചേരുന്ന സെന്റ് തോമസ് മൗണ്ടിലാണ് ട്രെക്കിംഗ് ബേസ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

paalukachimala2

കേളകം, കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പദ്ധതി യാഥാര്‍ഥ്യമായത്. ഇതിന്റെഭാഗമായി രൂപവത്കരിച്ച പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല. വനസംരക്ഷണസമിതി നിയമിച്ച ആറ് താത്കാലിക ജീവനക്കാരാണ് വിനോദസഞ്ചാരികളെ സഹായിക്കുക. ഇതിനു പുറമെ വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഉണ്ടാകും. ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക് റൂം, ടോയ് ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കിയിട്ടുണ്ട്.

പ്രവേശന ഫീസ് ഈടാക്കിയാണ് സഞ്ചാരികളെ മലയിലേക്ക് കടത്തിവിടുക.

ടിക്കറ്റ് നിരക്ക്

• മുതിര്‍ന്നവര്‍ 50 രൂപ.

• കുട്ടികള്‍ 20 രൂപ.

• വിദേശികള്‍ 150 രൂപ.

• ക്യാമറ 100 രൂപ.

Share this story