നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്;നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
പലക്കാട് : നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികൾ സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു. സന്ദർശകർ പോത്തുണ്ടി ചെക്ക്പോസ്റ്റ് കടന്നതിന് ശേഷം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയത്.
അപകടകരവും ചെങ്കുത്തായതുമായ പാറക്കെട്ടുകളിലും റോഡരികിലെ അരുവികളിലും ഇറങ്ങി ഫോട്ടോകളും റീലുകളും ചിത്രീകരിച്ച് അപകടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ പൊതുജനസുരക്ഷ ഉറപ്പാക്കാനും ദുരന്തങ്ങൾ ഒഴിവാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെ ചുമതലപെടുത്തിയിട്ടുണ്ട്. പോത്തുണ്ടി ചെക്ക്പോസ്റ്റിൽ എത്തുന്ന സഞ്ചാരികൾ അപകടകരമായ പാറക്കെട്ടുകളിൽ ഇറങ്ങരുത്. അപകടസാധ്യതാ മേഖലകളിൽ അടിയന്തരമായി അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ചെക്ക്പോസ്റ്റിന് ശേഷം വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിനായി ആവശ്യമായ പരിശോധന കർശനമാക്കാനും നിർദ്ദേശമുണ്ട്. സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2025-ലെ ദേശീയ ദുരന്തനിവാരണ (ഭേദഗതി) നിയമത്തിലെ സെക്ഷൻ 34 സി പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
.jpg)

