സാഹസിക ടൂറിസത്തിന്‍റെ ഹബ്ബാക്കി കേരളത്തെ മാറ്റും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

Kerala will be transformed into a hub of adventure tourism: Minister P.A. Muhammed Riyaz
Kerala will be transformed into a hub of adventure tourism: Minister P.A. Muhammed Riyaz

തിരുവനന്തപുരം: രാജ്യത്തെ സാഹസിക ടൂറിസത്തിന്‍റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരികള്‍ക്കും സാഹസിക കായിക വിനോദ പ്രേമികള്‍ക്കും ആവേശമേകി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പ് വര്‍ക്കലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ട്രെക്കിംഗ്, സൈക്ലിംഗ്, സര്‍ഫിംഗ് പോലുള്ള സാഹസിക ടൂറിസം ഇനങ്ങള്‍ പ്രായഭേദമന്യേ ജനപ്രിയമാവുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ സാധ്യത മുന്നില്‍ കണ്ടു കൊണ്ട് കേരള സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.

സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളില്‍ രജിസ്ട്രേഷനും മാനദണ്ഡങ്ങളും നടപ്പാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലു (ഡിടിപിസി) മായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സാഹസിക ടൂറിസത്തിന് കരുത്തു പകരാന്‍ മാനന്തവാടിയില്‍ മൗണ്ടന്‍ സൈക്ലിംഗ്, കോഴിക്കോട് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ്, വാഗമണില്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ എന്നിവ ടൂറിസം വകുപ്പ് സംഘടിപ്പിച്ച് വരുന്നു. ഈ ഉദ്യമങ്ങള്‍ കൊണ്ട് വര്‍ക്കലയടക്കമുള്ള ടൂറിസം കേന്ദ്രങ്ങളില്‍ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ സഞ്ചാരികള്‍ 2024 ല്‍ എത്തിയിട്ടുണ്ട്.

സാഹസിക ടൂറിസം രംഗത്തെ സുപ്രധാന ഡെസ്റ്റിനേഷനായി വര്‍ക്കല മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ എംഎല്‍എ വി ജോയി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ് കുമാര്‍, ടൂറിസം വകുപ്പ് അഡി. ഡയറക്ടര്‍ (ജനറല്‍) പി വിഷ്ണുരാജ്, സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഇന്‍റര്‍നാഷണല്‍ സര്‍ഫിംഗ് അസോസിയേഷനുമാണ് ഫെസ്റ്റിവെലിന് സാങ്കേതിക പിന്തുണ നല്‍കുന്നത്. എസ് യുപി ടെക്നിക്കല്‍ റേസ്, പാഡില്‍ ബോര്‍ഡ് ടെക്നിക്കല്‍ റേസ്, എസ് യുപി സര്‍ഫിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും.

ഏപ്രില്‍ 13 വരെയാണ് ഫെസ്റ്റിവെല്‍. എല്ലാ ദിവസവും രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ആണ് മത്സരങ്ങള്‍. നാഷണല്‍-ഇന്‍റര്‍നാഷണല്‍ മെന്‍സ്-വിമന്‍സ് ഓപ്പണ്‍ വിഭാഗങ്ങള്‍, 16 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗ്രോംസ് വിഭാഗം എന്നിവയാണ് മത്സരയിനങ്ങള്‍. വിജയികള്‍ക്ക് 2 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും.

ദേശീയ, അന്തര്‍ദേശീയ വിഭാഗങ്ങളിലായി 60 ല്‍ പരം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഫെസ്റ്റിവെലിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിലൂടെ 50 ഭാഗ്യശാലികള്‍ക്ക് സൗജന്യ സര്‍ഫിംഗ് സെഷനുകളില്‍ ഭാഗമാകാനാകും. പൊതുജനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെക്കികള്‍, പ്രൊഫഷണലുകള്‍, വ്ളോഗര്‍മാര്‍/കണ്ടെന്‍റ് ക്രിയേറ്റര്‍മാര്‍/ഫോട്ടോഗ്രാഫര്‍മാര്‍, ഇന്‍ഫ്ളുവന്‍സേഴ്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ നിന്നാണ് 50 വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളും ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം: https://docs.google.com/forms/d/e/1FAIpQLSfijXjNEXJmKhRvJYEoHhLqkFngFmTBD9ZwZ9LeOSMDxXKTCw/viewform
 

Tags