കെഎസ്ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുന്നു : മന്ത്രി സി പി ജോൺ

Due compensation will be provided to the families of the driver and conductor who died in the KSRTC bus accident: Minister C.P. John.

കെഎസ്ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ.  കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.  കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

സോഫ്റ്റ്‌വെയർ നിലവിൽ വന്നതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതുതായി ഒരുക്കിയ സംവിധാനം.

കെഎസ്ആർടിസി ബസുകൾ ലീസിന് എടുക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തന്റെ എം എൽ എ ഫണ്ടിൽ നിന്ന് രണ്ട് ബസുകൾ തിരുവനന്തപുരം ജില്ലയ്ക്ക് സംഭാവന ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ജലഗതാഗത വകുപ്പിനെയും കെ എസ് ആർ ടി സിയെയും സംയോജിപ്പിച്ചു പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചു. ജലഗതാഗത വകുപ്പ് സിയാലിൽ നിന്ന് വാടകയ്ക്ക് എടുത്ത സോളാർ ബോട്ടുകളിൽ സെപ്റ്റംബർ 30 മുതൽ പാർവതി പുത്തനാറിൽ ബോട്ടിങ് ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിൽ പങ്കാളിയാകാനുള്ള ചർച്ചകൾ കെഎസ്ആർടിസി തുടങ്ങി. ഇതിനായി ട്രക്കുകൾ വാടകയ്ക്ക് എടുക്കുമെന്ന് മന്ത്രി അറിയിച്ചു.

ആദ്യ ലക്ഷദ്വീപ് യാത്രയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു.

ചടങ്ങിൽ തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഹൈദരാബാദിൽ മൂന്ന് പകലും രണ്ട് രാത്രിയും, രണ്ട് പകലും ഒരു രാത്രിയും ചിലവഴിക്കുന്ന തരത്തിൽ രണ്ട് പാക്കേജുകളാണ് യാത്രികർക്കായി ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിലെ താമസം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. കൊച്ചിയിൽ നിന്ന് വിമാനമാർഗം ആരംഭിച്ച് അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കുന്നതാണ് ലക്ഷദ്വീപ് യാത്രാ പാക്കേജ്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന യാത്ര സാധാരണക്കാരുടെ ബജറ്റിൽ ഒതുങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Tags