പ്രകൃതി സൗന്ദര്യം ആസ്വദിക്കാം, 2000 വർഷം പഴക്കമുള്ള ക്ഷേത്രവും ദർശിക്കാം; തിരുവോണമാലയിലെത്തിയാൽ രണ്ടുണ്ട് കാര്യം..!

google news
thiruvona mala.jpg

മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് വേങ്ങരയിലെ ഊരകം മല അഥവാ തിരുവോണ മല. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി ഇരുന്നൂറ് അടി ഉയരത്തില്‍, കണ്ണമംഗലം- ഊരകം പഞ്ചായത്തുകളുടെ അതിര്‍ത്തിയായി കണക്കാക്കുന്ന സ്ഥലമാണ് തിരുവോണ മല. പരിസ്ഥിതി പ്രാധാന്യമുള്ള ഈ മലനിരകൾ നല്ലൊരു വ്യൂ പോയൻറാണ്. അത്രക്കും മനോഹരമായ ദൂരക്കാഴ്ചകളാണ് ഇവിടെ നിന്ന് ദർശിക്കാനാവുക. കോഴിക്കോട് വിമാനത്താവളം ,കടലുണ്ടിപ്പുഴ തുടങ്ങി ജില്ലയുടെ മിക്ക ഭാഗവും ഇവിടെ നിന്ന് കാണാനാവും. കോഴിക്കോട് വിമാനത്താവളത്തിൻ്റെതായ ഒരു ലൈറ്റ് ഹൗസും ഇതിൻ്റെ തൊട്ടടുത്തായി സ്ഥാപിച്ചതായി കാണാം.thiruvonamala

മലപ്പുറം-വേങ്ങര സംസ്ഥാനപാതയിൽ ഊരകം പൂളാപ്പീസ് എന്ന സ്ഥലത്തുനിന്നു നാലുകിലോമീറ്ററോളം യാത്ര ചെയ്താൽ മലമുകളിലെ ട്രെക്കിങ് പോയിന്റിലെത്താം. ഇതിനടുത്തായാണ് മിനി ഊട്ടി വ്യൂപോയിന്റും പ്രൈവറ്റ് പ്രോപ്പർട്ടിയുടെ ഭാഗമായ എരുമപ്പാറ വ്യൂപോയിന്റുമുള്ളത്. വാഹനങ്ങളിൽ എത്താവുന്ന സ്ഥലത്ത് നിന്നും അരമണിക്കൂറോളം കാൽനടയായി, വിജനമായ വനമ്പ്രദേശങ്ങൾ താണ്ടി പാറക്കല്ലുകൾക്കിടയിലൂടെ കയറി വേണം ഒറ്റപ്പെട്ട് കിടക്കുന്ന പ്രാചീന കാല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ തിരുവോണ മലയിലെത്താൻ. തെളിഞ്ഞ കാലാവസ്ഥയിൽ വരുന്നവർക്ക് തീർച്ചയായും മനോഹരമായ കാഴ്ചകൾ കണ്ട് മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ മടങ്ങാം .

thiruvonamala1

പ്രസിദ്ധമായ ശബരിമല ക്ഷേത്രം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് തിരുവോണ മല ക്ഷേത്രം. 2000 വർഷം പഴക്കമുള്ള ക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് 2200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പൂർണമായും കരിങ്കല്ല് കൊണ്ടാണ് ക്ഷേത്രം  നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര ഭിത്തിയിൽ വട്ടെഴുത്തിൽ ചിലതൊക്കെ കൊത്തിവെച്ചിട്ടുണ്ട്. ശങ്കരനാരായണ ക്ഷേത്രം എന്നായിരുന്നു ഈ പുരാതന ദേവാലയം അറിയപ്പെട്ടിരുന്നത്. 

thiruvona mala1

ഇവിടെ നിത്യപൂജകളൊന്നും നടക്കുന്നില്ല. എല്ലാ വർഷവും തുലാമാസത്തിലെ തിരുവോണ നാളിൽ ഒരു ഉത്സവം നടത്താറുണ്ട്. ഉത്സവത്തിന് മലയുടെ അടിവാരത്തുള്ള മഠത്തിൽ കുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നിന്നും തിടമ്പെഴുന്നള്ളിച്ച് കൊണ്ട് നിരവധി ഭക്തർ ഘോഷയാത്രയായി തിരുവോണ മല കയറും.

പുൽമേടുകളും, സസ്യലതാതികളും, തടാകങ്ങളും, പക്ഷികളും ഒക്കെ നില കൊളളുന്ന പുണ്യഭൂമിയാണ് ഇത്. പടിഞ്ഞാറ് ഭാഗത്തു നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. ധാരാളം അപൂർവ്വ യിനത്തിൽപെട്ട സൂക്ഷ്മ ജീവികളെയും ഇവിടെ കാണുന്നു. തിരുവേണം മലയുടെ സൗന്ദര്യം നുകരാനും വിശ്വാസികൾക്ക് ദർശന സായൂജ്യത്തിനും പറ്റിയ സ്ഥലമാണ് തിരുവോണം മല.