നിലവിലുള്ള ടൂറിസം ഉൽപ്പന്നങ്ങളിൽനിന്നും കേരളം സേവനങ്ങളെ അടുത്ത തലത്തിലേക്ക് ഉയർത്തണമെന്ന് കെടിഎം സെമിനാർ
കൊച്ചി: നിലവിലുള്ള ടൂറിസം ഉൽപ്പന്നങ്ങളിൽനിന്നും കേരളം സേവനങ്ങളെ അടുത്ത തലത്തിലേക്ക് ഉയർത്തണമെന്ന് വിദഗ്ധർ. 'മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രതീക്ഷകൾ' എന്ന വിഷയത്തിൽ നടന്ന കേരള ട്രാവൽ മാർട്ട് (കെടിഎം-2026) സെമിനാറിലാണ് ഈ അഭിപ്രായമുയർന്നത്. സഞ്ചാരികളുടെ മാറുന്ന പ്രതീക്ഷകൾക്കനുസൃതമായി നിലവിലുള്ള കായൽ ടൂറിസത്തിനും പരമ്പരാഗത ആകർഷണങ്ങൾക്കുമപ്പുറം സമഗ്രവും വ്യക്തിഗതവുമായ യാത്രാനുഭവങ്ങൾ കേരളം വികസിപ്പിക്കണമെന്ന് ട്രാവൽ-ടൂറിസം മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
സഞ്ചാരികളുടെ താൽപര്യം, വ്യക്തിഗത സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഉപഭോക്തൃ അവലോകനങ്ങൾ എന്നിവ ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖലയെ എങ്ങനെ പുനർനിർവചിക്കുന്നുവെന്ന് സെമിനാർ പരിശോധിച്ചു. സാങ്കേതികവിദ്യയും എഐയും ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ സ്വാധീനം ചെലുത്തുമെങ്കിലും, വ്യക്തിഗത സേവനങ്ങളും മനുഷ്യസ്പർശമുള്ള ഇടപെടലുകളും അതിഥികളുടെ അനുഭവങ്ങളിൽ നിർണായകമായി തുടരുമെന്നും വിലയിരുത്തി.
അതിഥികളുടെ പ്രതീക്ഷകളിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും മുൻകാലങ്ങളെ അപേക്ഷിച്ച് ഹോട്ടലുകളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ സഞ്ചാരികൾ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും ഒ ബൈ താമര സിഇഒ സമീർ എം.സി പറഞ്ഞു. കേരളത്തിന് കൂടുതൽ സാധ്യതകളുള്ള വെൽനസ് മേഖലയെ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ മൺസൂൺ ടൂറിസത്തെ മികച്ച രീതിയിൽ വിപണനം ചെയ്യുന്നില്ല. ആവർത്തിച്ചുള്ളതും വിരസവുമായ ജോലികൾ എഐക്ക് ഏറ്റെടുക്കാൻ കഴിയുമെന്നും അതുവഴി മനുഷ്യ ഇടപെടലുകൾക്ക് കൂടുതൽ മൂല്യം നൽകാൻ കഴിയുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹോസ്പിറ്റാലിറ്റി രംഗത്തെ വിദഗ്ധർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരം വർധിച്ചുവരുന്ന ഹോസ്പിറ്റാലിറ്റി വിപണിയിൽ വ്യക്തിഗത സേവനങ്ങൾ പ്രധാന ഘടകമാണെന്ന് ഐഎടിഒ പ്രസിഡന്റ് രവി ഗോസൈൻ പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയിൽ എഐയുടെ വർധിച്ചുവരുന്ന പങ്കിനെ മനുഷ്യരും എഐയും തമ്മിലുള്ള മത്സരമായല്ല കാണേണ്ടത്. മനുഷ്യർ നയിക്കുന്ന ടൂറിസത്തിന് എഐ പിന്തുണ നൽകുന്നു എന്ന രീതിയിലാകണം സമീപനമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യർക്ക് പകരക്കാരനായല്ല, മറിച്ച് ഒരു സഹായക സംവിധാനമായാണ് എഐയെ കാണേണ്ടതെന്ന് ടിസിഐ പ്രസിഡന്റും കൺട്രി ഹെഡ്ഡുമായ വിനീത് മഹേന്ദ്രു ചൂണ്ടിക്കാട്ടി. എഐ മനുഷ്യരെ മാറ്റിസ്ഥാപിക്കുകയല്ല സഹായിക്കുകയാണ് ചെയ്യുന്നത്. കാഴ്ചയിലെ ഭംഗിക്കോ സോഷ്യൽ മീഡിയയിലെ സാധ്യതകൾക്കോ വേണ്ടിയല്ല, മറിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തി വേണം ടൂറിസം ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഡറേറ്റർ താജ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ് കേരള ഹെഡ് ലളിത് വിശ്വകുമാർ, കെ.ടി.എം മുൻ പ്രസിഡന്റും സെമിനാർ കമ്മിറ്റി ചെയർമാനുമായ റിയാസ് അഹമ്മദ് എന്നിവരും സംസാരിച്ചു.
.jpg)

