ടൂറടിച്ച് കോളടിച്ച് കെഎസ്ആർടിസി; വർഷം മൂന്നര ലക്ഷം യാത്രക്കാർ


തിരുവനന്തപുരം: ഊട്ടിയും മൈസൂരുവും ഉൾപ്പെടെ 52 വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കുറഞ്ഞചെലവിൽ യാത്രകൾ, സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി മാറുകയാണ് കെഎസ്ആർടിസി.വർഷം മൂന്നരലക്ഷം വിനോദസഞ്ചാരികളാണ് കെഎസ്ആർടിസിയിൽ യാത്ര ചെയ്തത് .
കോവിഡിന് പിന്നാലെ മലയാളികളിലുണ്ടായ യാത്രാഭ്രമം മുതലെടുക്കാനും പുതിയൊരു വരുമാനമാർഗത്തിനുംവേണ്ടി 2021 നവംബറിൽ ആരംഭിച്ച ബജറ്റ് ടൂറിസമാണ് ഈ നേട്ടത്തിന് വഴിയൊരുക്കുന്നത്.
2021 നവംബർ മുതൽ 2025 ഫെബ്രുവരിവരെ ബജറ്റ് ടൂറിസത്തിലൂടെ 64.98 കോടി രൂപയുടെ വരുമാനവും ലഭിച്ചു. തമിഴ്‌നാട്, കർണാടക, ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ സഹകരണത്തോടെ ഇതരസംസ്ഥാനങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കൂടുതൽ യാത്രകൾ ആരംഭിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്.

റെയിൽവേയുടെ സഹകരണത്തോടെ ഓൾ ഇന്ത്യാ ടൂർ പാക്കേജും ഉടൻ ആരംഭിക്കും. ഇതിന് ഐആർസിടിസിയുമായാണ് കൈകോർക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കാൻ സ്വകാര്യസംരംഭകരിൽനിന്നും പങ്കാളിത്തം തേടിയിട്ടുണ്ട്.