കേരള ടൂറിസത്തിൻറെ അഖിലേന്ത്യാ ഫോട്ടോ പ്രദർശനത്തിന് ജനുവരി 20 ന് ന്യൂഡൽഹിയിൽ തുടക്കം

LenscapeKerala

തിരുവനന്തപുരം: കേരളത്തിൻറെ വൈവിധ്യമാർന്ന ഭൂപ്രകൃതിയെയും സംസ്കാരത്തെയും പ്രദർശിപ്പിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷൻ 'ലെൻസ്കേപ്പ് കേരള'യ്ക്ക് ജനുവരി 20 ന് ന്യൂഡൽഹിയിൽ തുടക്കമാകും. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദർശനം ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ് ആർട്ട് ഗാലറിയിൽ ജനുവരി 20 ന് വൈകുന്നേരം 4.30 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

tRootC1469263">

രാജ്യത്തെ 10 പ്രമുഖ ട്രാവൽ, മീഡിയ ഫോട്ടോഗ്രാഫർമാരുടെ 100 ചിത്രങ്ങളാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ന്യൂഡൽഹിയിൽ മൂന്ന് ദിവസമാണ് പ്രദർശനം. തുടർന്ന് വിവിധ നഗരങ്ങളിലായി തുടരുന്ന പ്രദർശനം മാർച്ച് 31 ന് സൂറത്തിൽ അവസാനിക്കും.

കേരളത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി ഉയർത്തിക്കാട്ടുന്നതിനൊപ്പം സംസ്ഥാനത്തിൻറെ ഭൂപ്രകൃതി, സംസ്കാരം, സവിശേഷതകൾ എന്നിവ കൂടി പ്രദർശനത്തിലെ ചിത്രങ്ങൾ കാഴ്ചക്കാർക്കു മുന്നിലെത്തിക്കും. ചിത്രപ്രദർശനത്തിൽ പങ്കാളികളായ ഫോട്ടോഗ്രാഫർമാർ അഞ്ച് ദിവസം കേരളത്തിൻറെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഈ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് 'ലെൻസ്കേപ്പ് കേരള'യിൽ പ്രദർശിപ്പിക്കുന്നത്. കേരളത്തിൻറെ പ്രകൃതി, വന്യജീവി, പൈതൃകം, ഗ്രാമീണ, തീരദേശ ജീവിതം, വാസ്തുവിദ്യ, ഉത്സവങ്ങൾ, ആത്മീയത തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഈ ഫോട്ടോഗ്രാഫിക് ടൂർ.

പ്രമുഖ ആർട്ട് ക്യൂറേറ്ററും നിരൂപകയുമായ ഉമാ നായരാണ് പ്രദർശനത്തിൻറെ ക്യൂറേറ്റർ. പ്രശസ്ത വന്യജീവി സംരക്ഷണ ഫോട്ടോഗ്രാഫർ ബാലൻ മാധവനാണ് ഫോട്ടോഗ്രാഫി ഡയറക്ടർ.

കേരളത്തിൻറെ സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും അടയാളപ്പെടുത്തുന്നതാണ് രാജ്യമെമ്പാടുമായി നടത്തുന്ന ലെൻസ്കേപ്പ് കേരള എക്സിബിഷനെന്ന് മന്ത്രി റിയാസ് പറഞ്ഞു. വനങ്ങൾ, മലകൾ, കായലുകൾ, ആരാധനാലയങ്ങൾ, ഉത്സവങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ ടൂറിസം ആകർഷണങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന കേരളത്തിൻറെ പ്രത്യേകതയെ കുറിച്ച് സഞ്ചാരികൾക്ക് ധാരണ നൽകുന്നതായിരിക്കും ഈ പ്രദർശനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സമീപ വർഷങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുന്ന സുസ്ഥിര ടൂറിസം ലക്ഷ്യസ്ഥാനം എന്ന നിലയിലുള്ള കേരളത്തിൻറെ പ്രത്യേകതയ്ക്ക് പുറമേ ആകർഷകവും പുറത്തേക്ക് അധികം അറിയപ്പെടാത്തതുമായ ടൂറിസം ആകർഷണങ്ങളിലും സ്ഥലങ്ങളിലും അനുഭവങ്ങളിലും പ്രദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വിനോദസഞ്ചാരികൾ നവീനവും വൈവിധ്യമാർന്നതുമായ അനുഭവങ്ങൾ തേടുന്ന അവസരത്തിൽ ലെൻസ്കേപ്പ് ഫോട്ടോ എക്സിബിഷനിലൂടെ കേരളം പുതിയൊരു പ്രചാരണ സംരംഭത്തിന് തുടക്കമിടുകയാണെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. കേരളത്തിൻറെ വൈവിധ്യമാർന്ന സവിശേഷതകളെ കുറിച്ച് പ്രദർശനം സന്ദർശകർക്ക് സമഗ്രമായ അറിവ് നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായിട്ടാണ് ഫോട്ടോഗ്രാഫർമാർ കേരളം സന്ദർശിച്ചത്. ഐശ്വര്യ ശ്രീധർ, അമിത് പശ്രിച്ച, എച്ച് സതീഷ്, കൗന്തേയ സിൻഹ, മനോജ് അറോറ, നടാഷ കർത്താർ ഹേംരജനി, സൈബാൽ ദാസ്, സൗരഭ് ചാറ്റർജി, ശിവാങ് മേത്ത, ഉമേഷ് ഗോഗ്ന എന്നിവരുടെ ഫോട്ടോകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ പ്രദർശനം വിനോദസഞ്ചാരികളോടുള്ള കേരള ടൂറിസത്തിൻറെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ആകർഷകമായ ഫോട്ടോകളിലൂടെ കേരളത്തിലെ സവിശേഷമായ നിരവധി സ്ഥലങ്ങളും അനുഭവങ്ങളും അവർക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. കേരള ടൂറിസത്തിൽ നിന്നുള്ള മറ്റൊരു നൂതനമായ പദ്ധതിയാണ് ലെൻസ്കേപ്പ് കേരള. ഇത് സഞ്ചാരികളെ നേരിട്ട് ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

വഡോദര (ജനുവരി 27-29), അഹമ്മദാബാദ് (ഫെബ്രുവരി 3-5), മുംബൈ (ഫെബ്രുവരി 12-14), പൂനെ (ഫെബ്രുവരി 18-20), ബെംഗളൂരു (ഫെബ്രുവരി 27-മാർച്ച് 1), ചെന്നൈ (മാർച്ച് 4-7), ഹൈദരാബാദ് (മാർച്ച് 12-14), കൊൽക്കത്ത (മാർച്ച് 22-24), സൂറത്ത് (മാർച്ച് 29-31) എന്നിവിടങ്ങളിൽ പ്രദർശനം നടക്കും.

Tags