ഐടിബി-ബെര്‍ലിനില്‍ ശക്തമായ സാന്നിധ്യമറിയിച്ച് കേരള ടൂറിസം

fhthr

തിരുവനന്തപുരം: കോവിഡിനു ശേഷമുള്ള വിനോദസഞ്ചാരികളുടെ യാത്രാഭിരുചികളും      താത്പര്യങ്ങളും മുന്‍നിര്‍ത്തിയുള്ള ഉത്പന്നങ്ങളും സംരംഭങ്ങളുമായി ലോകത്തെ മുന്‍നിര ട്രാവല്‍ ട്രേഡ് ഷോ ആയ ഐടിബി-ബെര്‍ലിനില്‍ ശക്തമായ സാന്നിധ്യമറിയിച്ച് കേരള ടൂറിസം.

'ദി മാജിക്കല്‍ എവരിഡേ' എന്ന പ്രമേയത്തില്‍ മാര്‍ച്ച് 7 മുതല്‍ 9 വരെ നടന്ന ട്രേഡ് ഷോയില്‍ 122 ചതുരശ്ര മീറ്ററില്‍ ആയിരുന്നു കേരളത്തിന്‍റെ പവലിയന്‍. പവലിയന്‍റെ കവാടത്തില്‍     ഒരുക്കിയ കൂറ്റന്‍ കെട്ടുകാളകള്‍ മുഖ്യ ആകര്‍ഷണമായി. കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘത്തില്‍ 13 കോ-എക്സിബിറ്റേഴ്സ് ആണ് പങ്കെടുത്തത്.

വിനോദസഞ്ചാര വ്യവസായത്തിലെ ആഗോള പ്രതിനിധികളുമായി ആശയവിനിമയം നടത്താനും ടൂറിസം ബിസിനസ് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനും ട്രേഡ് ഷോ കേരള ടൂറിസത്തിന് അവസരമൊരുക്കി. 161 രാജ്യങ്ങളില്‍ നിന്നുള്ള 5,500-ലധികം എക്സിബിറ്റിങ് കമ്പനികളാണ് ട്രേഡ് ഷോയില്‍ പങ്കെടുത്തത്. ആഗോള ടൂറിസം മേഖലയിലെ ഭാവി യാത്രാ പദ്ധതികള്‍ രൂപപ്പെടുത്തുന്ന ഐടിബി ബെര്‍ലിനില്‍ യാത്രാ സമൂഹത്തിന്‍റെ മുന്‍ഗണനകളും ആവശ്യങ്ങളും പുതിയ പ്രവണതകളും പ്രദര്‍ശിപ്പിക്കപ്പെട്ടു.

കേരള ടൂറിസത്തിന്‍റെ അതുല്യമായ ഉത്പന്നങ്ങളും സംരംഭങ്ങളും ആഗോള ടൂറിസം     വ്യവസായ പ്രതിനിധികള്‍ക്കു മുന്നില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനായെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് പറഞ്ഞു. ട്രേഡ് ഷോയിലെ ബിസിനസ് ഇടപെടലുകള്‍ സംസ്ഥാനത്തിന്‍റെ ടൂറിസം വ്യവസായത്തിന് കാര്യമായ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐടിബി-ബെര്‍ലിന്‍ പോലുള്ള ആഗോള പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ വിദേശസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന കേരളത്തിന്‍റെ സ്ഥാനം വീണ്ടെടുക്കുന്നതിന് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.

Share this story