ഗോവയ്ക്ക് പോവണ്ട… കേരളത്തിൽ തന്നെ കിടിലൻ ഗോവ ഫീൽ !
ഗോവയെന്ന പേര് കേൾക്കുമ്പോൾ തന്നെ ബീച്ചുകളും ആഘോഷങ്ങളും ഓർമ്മവരുന്നവരാണ് പലരും. കുറഞ്ഞ ചെലവിൽ മികച്ച ബീച്ച് അനുഭവം നൽകുന്ന ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഗോവ ഇന്നും ഒന്നാം സ്ഥാനത്ത് തന്നെയാണ്. എന്നാൽ മലയാളികൾക്ക് അതേ ഫീൽ ഇനി ദൂരെയൊന്നും പോകാതെ തന്നെ അനുഭവിക്കാമെന്നറിയാമോ? കേരളത്തിൽ തന്നെ ഗോവയെ ഓർമ്മിപ്പിക്കുന്ന ഒരു കിടിലൻ ബീച്ച് നിങ്ങളെ കാത്തിരിക്കുന്നു.
കോഴിക്കോട് നിന്ന് 48 കിലോമീറ്ററേയുള്ളൂ ഈ സ്ഥലത്തേക്ക്. കോഴിക്കോട് ടൗണിൽ നിന്നു കൊയിലാണ്ടിയും മൂരാട് പാലവും പിന്നിട്ട് പയ്യോളി ടൗണിലെത്തി, കുറച്ച് മുന്നോട്ടു പോയാൽ റെയിൽവേയുടെ രണ്ടാം ഗേറ്റ് കാണാം. അതു കടന്നാൽ ഇടുങ്ങിയൊരു റോഡിലേക്കാണ് ചെന്നെത്തുന്നത്. യാത്ര തുടർന്നാൽ കടൽ തീരത്തോടു ചേർന്ന റോഡിലേക്ക് കടക്കാം.
ഇവിടെ, കടലിന് സമാന്തരമായി നീണ്ടുകിടക്കുന്ന തെങ്ങിൻതോപ്പിനിടയിലൂടെ കുറച്ചുദൂരം പോകണം. ഒരുവശത്തായി കണ്ടൽക്കാടുകൾ നിറഞ്ഞ കൊളാവിപ്പാലം പുഴ കാണാം. പാർക്കിങ് ഏരിയയിലാണ് റോഡ് അവസാനിക്കുന്നത്. 20 രൂപ നൽകിയാൽ കാറിൽ വരുന്നവർക്ക് ഇവിടെ പാർക്ക് ചെയ്യാം.
ഇവിടെ നിന്നു പതിയേ നടന്നുതുടങ്ങാം. കുറച്ചങ്ങു പോകുമ്പോൾ തിരമാലകളുടെ ഇരമ്പം കേൾക്കാം. കണ്ടൽ കാടുകൾ നിറഞ്ഞ ഇടവഴിയിലൂടെ ചെന്നുകയറുന്നത് സുന്ദരമായ ബീച്ചിലേക്കാണ്. ഇവിടെയാണ് കോഴിക്കോട്ടുകാരുടെ രഹസ്യസ്വത്തായ കോട്ടപ്പുറം ബീച്ച്. കുഞ്ഞാലി മരയ്ക്കാരുടെ കോട്ടയുടെ പരിസരമായതിനാലാണ് ഈ പേര് വരാൻ കാരണം.
ഗോവയെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യം ഉള്ളതിനാൽ മിനി ഗോവ എന്നാണ് സഞ്ചാരികൾ ഈ ബീച്ചിനെ വിളിക്കുന്നത്. ആദ്യമായി ബീച്ചിലെത്തുന്നവർക്ക് വഴി കാണിക്കുന്ന സൈൻ ബോർഡുകളൊന്നും ഇവിടെയില്ല. ആകെയുള്ളത് ആമ സംരക്ഷണത്തിന് പ്രശസ്തമായ കൊളാവിപ്പാലം ബീച്ചിൻറെ ബോർഡ് മാത്രമാണ്.
ഈ പ്രദേശത്തെങ്ങും കാണുന്ന കണ്ടൽകാടുകൾ മുഴുവൻ സ്വയമേവ ഉണ്ടായവയല്ല. ആറു വർഷം മുൻപ് കുറ്റ്യാടിപ്പുഴ അറബിക്കടലിനോട് ചേരുന്ന വടകര സാൻഡ്ബാഗ് പ്രദേശത്ത് മത്സ്യ ബന്ധനത്തിനായി കെട്ടിയ പുളിമുട്ട്(കടൽപാലം) കാരണം അഴിമുഖത്തേക്ക് മണൽ കയറുകയും കൊളാവിപ്പാലം പുഴയുടെ അഴിമുഖം മണൽ നിറഞ്ഞ് ഇല്ലാതാവുകയും ചെയ്തു. ഇതു പുഴയെ ദോഷകരമായി ബാധിച്ചു. പുഴയുടെ പ്രകൃതിദത്തമായ ഒഴുക്ക് തടസപ്പെടുകയും അതു പരിഹരിക്കാൻ അഴിമുഖത്തെ മണൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു.
കൊളാവിപ്പാലം തീരം സംരക്ഷണ സമിതി എന്നൊരു സംഘടനയുടെ നേതൃത്വത്തിൽ കൊളാവിപ്പാലം പുഴയുടെ തീരത്ത് വച്ച് പിടിപ്പിച്ച കണ്ടൽ കാടുകളാണ് ഇപ്പോൾ പടർന്ന് പന്തലിച്ച് പുഴയെ സംരക്ഷിക്കുന്നത്.
.jpg)

