വീടിന്റെ വാതിൽ തുറന്നിട്ട് പോകാം, പുലർച്ചെ 3 മണിക്കും പെൺകുട്ടികൾക്ക് പുറത്ത് നടക്കാം ; ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനം

Journey through the city of Aizawl

 ഇന്ത്യൻ നഗരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ പലപ്പോഴും ഓർക്കുന്നത് ഗതാഗതക്കുരുക്ക്, ശബ്ദമാലിന്യം, വഴിയരികിലെ അഴുക്കും സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും തന്നെയാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കൊന്നും ഇടമില്ലാത്ത ഒരു സംസ്ഥാനം നമ്മുടെ രാജ്യത്തുണ്ടെന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കാർ പതിവായി ഉന്നയിക്കുന്ന ഈ പരാതികൾക്ക് മറുപടിയായിത്തന്നെ, പ്രശസ്ത ട്രാവൽ വ്ലോഗറും നടിയുമായ ഷെഹനാസ് ട്രഷറിവാല തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ആ സുന്ദര സ്ഥലത്തെ പരിചയപ്പെടുത്തുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിലെ ഐസ്വാൾ നഗരത്തിലൂടെയുള്ള യാത്രയുടെ വിശേഷങ്ങളാണ് ഷെഹനാസ് പങ്കുവയ്ക്കുന്നത്.

ഹോണടിയില്ലാത്ത നിരത്തുകൾ!

വലിയ ട്രാഫിക് ബ്ലോക്കിൽ കിടന്നാൽ പോലും വാഹനങ്ങളിൽ നിന്നുള്ള ഒരു ഹോണടി ശബ്ദം അവിടെ കേൾക്കാനാകില്ല. നമ്മൾ ഇന്ത്യക്കാർക്ക് ഇതൊരു വലിയ അ്ഭുതമാണെന്നാണ് ഷെഹനാസ് പറയുന്നത്. കാൽനടയാത്രക്കാർക്ക് അവിടുത്തെ റോഡുകളിൽ രാജകീയ പരിഗണനയാണ് ലഭിക്കുന്നത്. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാരെ കണ്ടാൽ വാഹനങ്ങൾ കൃത്യമായി നിർത്തിക്കൊടുക്കുകയും അവർ സുരക്ഷിതമായി റോഡ് മുറിച്ചുകടന്നതിന് ശേഷം മാത്രം മുന്നോട്ട് പോവുകയും ചെയ്യുന്ന മനോഹരമായ ട്രാഫിക് സംസ്കാരം അവിടെയുണ്ട്.

നാടുഭരിക്കുന്ന പെണ്ണുങ്ങളും അടുക്കള നോക്കുന്ന ആണുങ്ങളും
ഐസ്വാളിലെ തെരുവുകളിലൂടെ നടന്നാൽ അവിടെ കച്ചവട സ്ഥാപനങ്ങളും ബിസിനസ്സുകളുമെല്ലാം കൂടുതലും നടത്തുന്നത് സ്ത്രീകളാണെന്ന് കാണാം. ഒരുതരത്തിൽ സ്ത്രീകൾ ഭരിക്കുന്ന നാടാണിതെന്ന് ഷെഹനാസ് പറയുന്നു. ഇതിലേറ്റവും രസകരമായ കാര്യം, ഭാര്യമാർ ജോലിക്ക് പോകുമ്പോൾ അവർക്ക് പൂർണ പിന്തുണ നൽകി, വീട്ടുജോലികളും പാചകവും ചെയ്യുന്ന ഭർത്താക്കന്മാർ അവിടെ വളരെ സാധാരണമാണ് എന്നതാണ്.

റോഡുകളിൽ ഒരു പ്ലാസ്റ്റിക് കുപ്പിയോ, ഒരു ലേയ്സ് കവറോ പോലും കാണാൻ കഴിയില്ല എന്നത് അവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഒരിടത്തും ഒരു മാലിന്യവും കാണാത്ത അത്രത്തോളം വൃത്തിയുള്ള നാടാണിത്. അതുപോലെ സുരക്ഷയുടെ കാര്യത്തിൽ മിസോറാം നൂറിൽ നൂറു മാർക്കും നേടും. അവിടത്തെ ആളുകൾ വീടിന് പൂട്ടിടാറില്ല എന്ന് കേൾക്കുമ്പോൾ തന്നെ ആ നാട്ടിലെ സുരക്ഷിതത്വം നമുക്ക് ഊഹിക്കാമല്ലോ.

അർധരാത്രി 12 മണിക്കും പുലർച്ചെ 3 മണിക്കും സ്ത്രീകൾക്ക് റോഡിലൂടെ ഒറ്റയ്ക്ക് യാതൊരു ഭയവുമില്ലാതെ നടക്കാം. കച്ചവടക്കാരില്ലാത്ത കടകളാണ് ഷെഹനാസിനെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം. ഗ്രാമങ്ങളിലെ ഇത്തരം കടകളിൽ സാധനങ്ങൾക്ക് താഴെ വില എഴുതിവച്ചിട്ടുണ്ടാകും. വേണ്ട സാധനങ്ങൾ എടുത്തിട്ട് പണം അവിടെ വച്ചിരിക്കുന്ന ചെറിയൊരു പാത്രത്തിൽ ഇട്ടാൽ മാത്രം മതി! അത്രത്തോളം സത്യസന്ധരായ ആളുകളാണ് അവിടെയുള്ളത്.

∙സാക്ഷരതയിൽ കേരളത്തെയും കടത്തിവെട്ടി
ഇന്ത്യയിൽ കേരളമാണ് ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമെന്നാണ് നമ്മൾ എല്ലാവരും കരുതുന്നത്. എന്നാൽ 98% സാക്ഷരതയോടെ മിസോറാം ആണ് യഥാർഥത്തിൽ മുന്നിലെന്നാണ് ഷെഹനാസ് വിഡിയോയിൽ അവകാശപ്പെടുന്നത്. ഇത്രയേറെ പ്രത്യേകതകളുള്ള ഈ നാട് സഞ്ചാരികളെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. "ഇതും എന്റെ ഇന്ത്യയാണ്" എന്ന് അഭിമാനത്തോടെ പറഞ്ഞുകൊണ്ടാണ് ഷെഹനാസ് തന്റെ വിഡിയോ അവസാനിക്കുന്നത്.

Tags