കുറഞ്ഞ ചെലവിൽ ജപ്പാനിൽ പോകേണ്ട യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും അറിയാം
ഒരു ഇൻറർനാഷണൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ ഇത്തവണ ജപ്പാനിലേക്ക് പോയാലൊ? അനിമേ സിനിമകളും സീരീസുകളും, ജപ്പാൻറെ ഭൂപ്രകൃതിയും സംസ്കാരവും ഭക്ഷണ രീതിയും രുചികരമായ ഭക്ഷണ വിഭവങ്ങളും കണ്ട് ജപ്പാൻറെ ആരാധകരായ ആളുകൾ നിരവധിയാണല്ലേ.
വെറും 500 രൂപ മുടക്കിയാൽ നിങ്ങൾക്ക് ജപ്പാനിലോട്ടുള്ള വിസ കിട്ടും. ഇതങ്ങനെ എല്ലാവർക്കും കിട്ടുന്ന ആനുകൂല്യമല്ല. ഇന്ത്യക്കാർക്ക് മാത്രമായാണ് ജപ്പാൻ ഗവൺമെൻറ് വിസ ഫീസ് 500 രൂപയാക്കി നിലനിർത്തിയിരിക്കുന്നത്. 2026 ജൂലൈ 1ന് നിലവിൽ വന്ന ആഗോള വിസ ഫീസ് വർദ്ധന ജപ്പാൻ അംഗീകകരിച്ചിരുന്നെങ്കിലും ഇന്ത്യക്കാരുടെ വിസ ഫീസ് കൂട്ടിയിരുന്നില്ല.
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സിങ്കിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് 500 രൂപ മാത്രം അടച്ചാൽ മതി. ഇതുകൂടാതെ സർവീസ് ചാർജ് നൽകേണ്ടിവരും. അടുത്തിടെ നിരവധി രാജ്യങ്ങളുടെ വിസ ഫീസ് ജപ്പാൻ ഗവൺമെൻറ് വർധിപ്പിച്ചിരുന്നുവെങ്കിലും ഇന്ത്യയുടേത് മാറ്റമില്ലാതെ തന്നെ തുടരുകയാണ്.
പ്രധാന വിസ വിഭാഗങ്ങൾ;
വിവിധ ആവശ്യങ്ങൾക്കായി ജപ്പാൻ വ്യത്യസ്ത വിഭാഗത്തിലുള്ള വിസകൾ നൽകുന്നുണ്ട്;
വിനോദസഞ്ചാരം
ബിസിനസ് യാത്രകൾ
സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാൻ
കോൺഫറൻസുകൾ
സ്റ്റുഡൻറ് വിസ
ടൂറിസ്റ്റ് വിസ ലഭിക്കുന്നതിനായി യാത്രയുടെ ഉദ്ദേശം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം. കൂടാതെ, ജപ്പാനിലെ താമസക്കാലത്ത് ആവശ്യമായ പണം കൈവശമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും നിർബന്ധമാണ്. യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് മൾട്ടിപ്പിൾ എൻട്രി വിസകൾ നേടുന്നതിനുള്ള അവസരവും ജപ്പാൻ നൽകുന്നുണ്ട്.
ആവശ്യമായ പ്രധാന രേഖകൾ;
വിസ അപേക്ഷയ്ക്കായി പൊതുവായി ആവശ്യമായ രേഖകൾ:
ഇന്ത്യൻ പാസ്‌പോർട്ട്
പൂർണ്ണമായി പൂരിപ്പിച്ച വിസ അപേക്ഷാ ഫോം
സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ
വിമാന ടിക്കറ്റുകൾ
താമസിക്കുന്ന സ്ഥലം സംബന്ധിച്ച വിവരങ്ങൾ
സാമ്പത്തിക രേഖകൾ
യാത്രാ പദ്ധതി
എങ്ങനെ അപേക്ഷിക്കാം;
വിസാ അപേക്ഷാ ഫോം പൂരിപ്പിക്കുക
രേഖകൾ തയ്യാറാക്കി വെക്കുക
ബാങ്ക് സ്റ്റേറ്റ്മെൻറും പൂർണമായ യാത്രാ പദ്ധതിയും സമർപ്പിക്കുക
അപേക്ഷ വി.എഫ്.എസ് സെൻററിലോ ഔദ്യോഗിക വിസ അപേക്ഷാ കേന്ദ്രത്തിലോ സമർപ്പിക്കുക
പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി എല്ലാ രാജ്യക്കാർക്കുമുള്ള പ്രത്യേക ട്രാൻസിറ്റ് വിസ വിഭാഗം ജപ്പാൻ നിർത്തലാക്കി. അതിനാൽ, ട്രാൻസിറ്റ് സമയത്ത് ജപ്പാനിൽ പ്രവേശിക്കേണ്ടി വരുന്നവർ ഇപ്പോൾ കൃത്യമായ ഷോർട്ട് ടേം സ്റ്റേ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ഏഷ്യയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജപ്പാനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഈ ഇളവുകളും കുറഞ്ഞ വിസ നിരക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
.jpg)

