പ്രകൃതിയിലേക്ക് ചേക്കേറാം...! സഞ്ചാരികളെ ആകർഷിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ
വിനോദസഞ്ചാരികളുടെ പ്രിയ്യപ്പെട്ട ഇടമായ ഇടുക്കിയിൽ പ്രകൃതിയോടൊത്ത് ചേരുന്ന അനുഭവങ്ങൾ സമ്മാനിച്ച് 13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു. സംസ്ഥാന വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങൾ, പ്രകൃതി സൗന്ദര്യവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് പരിചയപ്പെടുത്തുന്നവയായതിനാൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
ജില്ലയിൽ ഇടുക്കി, മൂന്നാർ, മാങ്കുളം, പെരിയാർ ഫോറസ്റ്റ് ഡിവിഷനുകളുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്. കൂടാതെ, എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷി സങ്കേതവും ഇടുക്കി ഡിവിഷന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്.
ഒരു വർഷത്തിനിടെ ആയിരക്കണക്കിന് സഞ്ചാരികൾ ഈ കേന്ദ്രങ്ങൾ സന്ദർശിച്ചതോടെ സർക്കാർ ഖജനാവിലേക്കും കോടികൾ ഒഴുകിയെത്തി. പ്രകൃതിയുമായി ചേർന്നുള്ള സുസ്ഥിര വിനോദസഞ്ചാരത്തിന് ഉദാഹരണങ്ങളായി ഈ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്.
13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ
ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ വാഗവനം, വെള്ളപ്പാറ, മൂന്നാർ ഡിവിഷന് കീഴിൽ ചൊക്രമുടി, മാങ്കുളം ഡിവിഷന് കീഴിൽ കൈനാഗിരി, നക്ഷത്രകുത്ത്, ആനക്കുളം, മറയൂർ ഡിവിഷന് കീഴിൽ ആനക്കോട്ടപ്പാറ, രാജീവ്ഗാന്ധി നേച്ചർ പാർക്ക്, മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ ഇരവികുളം നാഷണൽ പാർക്ക്, ചിന്നാർ വന്യജീവി സങ്കേതം, ഷോല നാഷണൽ പാർക്ക്, പെരിയാർ ഈസ്റ്റ് വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ തേക്കടി, വളളക്കടവ് എന്നിവയാണ് ജില്ലയിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ.
വിനോദ സഞ്ചാരികൾക്കായി വാഗവനം-ട്രക്കിങ്, വെള്ളപ്പാറ-ബോട്ടിങ്, ട്രക്കിങ്, താമസസൗകര്യം, ചൊക്രമുടി-ട്രക്കിങ്, നക്ഷത്രകുത്ത്-ട്രക്കിങ്, ആനകുളം-ലില്ലിപാർക്ക്, ആനക്കോട്ടപ്പാറ-നേച്ചർപാർക്ക്, രാജീവ്ഗാന്ധി നേച്ചർ പാർക്ക്-നേച്ചർപാർക്ക്, ഇരവികുളം നാഷണൽ പാർക്ക്-ട്രക്കിങ്, ചിന്നാർ വന്യജീവി സങ്കേതം-ട്രക്കിങ്, താമസസൗകര്യം, ഷോല നാഷണൽ പാർക്ക്-ട്രക്കിങ്, താമസസൗകര്യം, തേക്കടി-ബോട്ടിങ്, ട്രക്കിങ്, താമസസൗകര്യം, റാഫ്റ്റിങ്, വള്ളക്കടവ്-താമസസൗകര്യം എന്നിവയാണ് വനംവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന സജ്ജീകരണങ്ങൾ.
സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ
വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ വിവിധ കർമ പദ്ധതികളാണ് വനം വകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പണമിടപാടുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റുകയും പി.ഒ.എസ് മെഷീനുകൾ സ്ഥാപിക്കുകയും ചെയ്തു. റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തി വിനോദ സഞ്ചാരികൾക്ക് സുഗമമായ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്. കേന്ദ്രങ്ങളിൽ നിലവിലുള്ള കുടിവെള്ള സൗകര്യങ്ങൾക്കും ശുചിമുറി സൗകര്യങ്ങൾക്കും പുറമെ കൂടുതൽ ശുചിമുറികളും കുടിവെള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയാൻ ബോധവൽകരണ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും കൂടുതൽ വെയ്സ്റ്റ് ബിന്നുകളും സ്ഥാപിച്ചു. ഇതോടൊപ്പം നിരീക്ഷണത്തിനായി കൂടുതൽ സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
മൂന്നാർ ഡിവിഷനിലെ ചൊക്രമുടിയിൽ പുതിയ ട്രക്കിങ് പ്രോഗ്രാം ആരംഭിച്ചിരുന്നു. ഇതോടൊപ്പം തേക്കടിയിൽ നിലവിലുള്ള 13 ഇക്കോടൂറിസം പരിപാടികൾക്കൊപ്പം മൂന്ന് പുതിയ പരിപാടികൾ ആരംഭിച്ചതായും അധികൃതർ പറയുന്നു. ഇരവികുളം ദേശീയോദ്യാനത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാവുന്ന 360 ഡിഗ്രി വീഡിയോ ദൃശ്യാവിഷ്കാരമുള്ള വിർച്യുൽ റിയാലിറ്റി സെന്റർ, വിശാലമായ പാർക്കിങ് സൗകര്യം, സുവനീർ ഷോപ്, ലഘു ഭക്ഷണശാലകൾ, പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഗോൾഫ് കാർട്ട് ഇലക്ട്രിക്ക് വാഹന സഫാരി, ഭിന്നശേഷി സൗഹൃദ ശുചിമുറി, കാഴ്ച പരിമിതർക്കായുള്ള ബ്രയിൽ ലിപിയിലുള്ള ബ്രോഷറുകൾ, ആംഗ്യ ഭാഷയിലുള്ള വീഡിയോ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
.jpg)

