കാസര്‍കോട് ടൂറിസം പദ്ധതികള്‍ നല്ല രീതിയില്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ ടൂറിസം മേഖല നല്ല രീതിയില്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസര്‍കോട് റസ്റ്റ് ഹൗസില്‍ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍കോട് ജില്ലയിലെ ടൂറിസം മേഖല സംസ്ഥാനത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഉള്‍പ്പെടുന്നതാണ്. മികച്ച രീതിയില്‍ തന്നെ അവ മെച്ചപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വിദേശത്ത് പോകുന്നതില്‍ അത്ര വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് ഉള്ളംകൈയിലാണ്. വിദ്യാര്‍ത്ഥികള്‍ പുറത്തുപോകുന്നത് കേരളം മാത്രമല്ല മിക്ക സംസ്ഥാനങ്ങളും നേരിടുന്ന പ്രശ്‌നമാണിത്.
നമുക്ക് ചെയ്യാനുള്ളത് നമ്മുടെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുക എന്നുള്ളതാണ്. ആധുനികമായ കോഴ്‌സുകളും മെച്ചപ്പെട്ട സൗകര്യങ്ങളും മറ്റും ഉറപ്പാക്കിയാല്‍ കുട്ടികള്‍ ഇവിടെ തന്നെ പഠിക്കും. ഇത് മാത്രമല്ല മറ്റു സ്ഥലത്തെ കുട്ടികളും ഇങ്ങോട്ടേക്ക് വരും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് എച്ച്.എ. എല്ലിന്റെ ഏറ്റടുത്ത ഭൂമിയില്‍ ഭാവിയില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സഹായം കൂടി ഉണ്ടാവേണ്ടതുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൃത്യമായി സംഭരിക്കാനും സൂക്ഷിക്കാനും അവ സമയത്തിന് വിപണിയില്‍ എത്തിക്കാനും കയറ്റുമതി ചെയ്യാനുമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ നടന്നു വരികയാണ്. ഇതോടൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും നടക്കുന്നു.
ആരോഗ്യമേഖലയില്‍ കൂടുതല്‍ ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഇല്ലാത്ത പ്രശ്‌നം പരിഹരിക്കും. നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇവിടെ നല്ല രീതിയില്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ടെങ്കിലും
ദേശീയ തലത്തില്‍ ഇന്റര്‍വ്യൂവില്‍ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയുണ്ട്. അത് മനസ്സിലാക്കി ഇന്റര്‍വ്യൂവില്‍ മികവ് പ്രകടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും.
പ്രഭാതഭക്ഷണത്തിന് മുഖ്യമന്ത്രിക്കൊപ്പം ചിന്‍മയാനന്ദ മിഷന്‍ കേരള റീജ്യനല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി, കാസര്‍കോട് ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ മാത്യു ബേബി, കേരള മുസ്ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, റിട്ട ഐ. എ.എസ് ഓഫീസറും കാസര്‍കോട് സ്വദേശിനിയുമായ ഡോ. പി.കെ ജയശ്രീ, വ്യവസായ പ്രമുഖനായ എന്‍.എ അബൂബക്കര്‍ ഹാജി, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ ഉണ്ടായിരുന്നു.
കൃഷി, തദ്ദേശ സ്വയംഭരണം, സഹകരണം എന്നീ വകുപ്പുകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയാല്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകും എന്ന് ഡോ. പി.കെ ജയശ്രീ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ഉദ്യോഗസ്ഥ ക്ഷാമം ഒഴിവാക്കാന്‍ കഴിയണം എന്നും അവര്‍ പറഞ്ഞു.
ഭരണ കര്‍ത്താക്കള്‍ പൊതു ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങി വന്നു അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന വലിയ കാല്‍വെപ്പിന് സ്വാമി വിവിക്താനന്ദ സരസ്വതി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിച്ചു.
ഉത്സവാന്തരീക്ഷത്തിലാണ് നാം ഇന്ന് എന്നും വേദനിക്കുന്നവരെയും പാര്‍ശ്വവത്കരിക്കപ്പെട്ട വരെയും ചേര്‍ത്ത് പിടിക്കാന്‍ മന്ത്രിമാര്‍ക്ക് സാധിക്കട്ടെ എന്നും ഫാദര്‍ ബേബി മാത്യു പറഞ്ഞു.
സ്വാശ്രയ കോളേജുകളും വിദ്യാലയങ്ങള്‍ക്കും അംഗീകാരം വേണം എന്ന് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി പറഞ്ഞു.
വിദ്യാനഗര്‍-നായന്മാര്‍ മൂല വരെയുള്ള സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി വീതി കൂടിയ സര്‍വീസ് റോഡുകളും ഫ്‌ളൈ ഓവറുകള്‍ ആവശ്യമാണെന്നും എന്‍.എ അബൂബക്കര്‍ ഹാജി ചൂണ്ടിക്കാട്ടി.
28 ഓളം പേരാണ് അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുമായി നേരില്‍ പങ്കുവെച്ചത്. ഇവരില്‍ എഴുത്തുകാരന്‍ ഇ.പി രാജഗോപാലന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ പി. ടി ഉഷ, ഉണ്ണികൃഷ്ണന്‍, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം സുരേഷ്, പി.പി സമീര്‍, ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി ഇഷ കിഷോര്‍, ഇതര സംസ്ഥാന വ്യവസായി വിജയ് അഗര്‍വാള്‍, നാട്ടുവൈദ്യന്‍ കണ്ണന്‍ വൈദ്യര്‍, ഡോ. വൈ എസ് മോഹന്‍കുമാര്‍, ഇന്ത്യന്‍ വോളി താരം അഞ്ജു ബാലകൃഷ്ണന്‍, കമാന്റര്‍ (റിട്ട) പ്രസന്ന ഇടയില്ല്യം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ കെ.പി ജയരാജന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മഞ്ചേശ്വരം ക്യാമ്പസ് ഡയറക്ടര്‍ ഷീന ഷുക്കൂര്‍, ശാസ്ത്രജ്ഞനായ ഡോ.എം.ഗോവിന്ദന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.