മുഴപ്പിലങ്ങാട്, ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി ഒന്നാംഘട്ട ഉദ്ഘാടനം മേയ് 4 ന് മുഖ്യമന്ത്രി നിർവ്വഹിക്കും
കണ്ണൂർ: സംസ്ഥാനത്തെ ബീച്ച് ടൂറിസം വികസനത്തിന് കുതിപ്പേകി ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മുഴപ്പിലങ്ങാട്, ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻറെ ഉദ്ഘാടനം മേയ് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിൽ രാവിലെ 10 ന് നടക്കുന്ന പരിപാടിയിൽ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
കേരളത്തിൻറെ ബീച്ച് ടൂറിസം വികസന പദ്ധതികളിൽ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് മുഴപ്പിലങ്ങാട്, ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി.
ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ജനപ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ബീച്ച് ടൂറിസത്തിൽ കേരളത്തിൻറെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള നിരവധി പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിൻറെ ഭാഗമായാണ് മുഴപ്പിലങ്ങാട്, ധർമ്മടം ബീച്ചുകളുടെ വികസനം സാധ്യമാക്കുന്നത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇൻ ബീച്ചായ മുഴപ്പിലങ്ങാടിൻറെ വികസനത്തിലൂടെ കേരളത്തിലെയും പ്രത്യേകിച്ച് മലബാറിലെയും ബീച്ച് ടൂറിസം വികസനത്തിന് ഉണർവേകും. ഈ പ്രദേശത്തേക്ക് ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാദേശികമായ ടൂറിസം വികസനത്തിന് ഇത് നിർണായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 'മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ചിൻറെ സമഗ്ര വികസനം' എന്ന പദ്ധതിക്ക് 233.71 കോടി രൂപയുടെ തത്വത്തിൽ ഭരണാനുമതി 2019 ലാണ് നൽകിയത്. മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം ബീച്ച്, ധർമ്മടം ദ്വീപ് എന്നിങ്ങനെ മൂന്ന് ഭാഗമാണ് പദ്ധതിക്കുള്ളത്.
മുഴപ്പിലങ്ങാട് ബീച്ചിൻറെ വടക്ക് ഭാഗത്തെ 1.2 കിലോമീറ്റർ നീളത്തിലുള്ള നടപ്പാത ഓർഗനൈസ്ഡ് ഡ്രൈവ് ഇൻ ആക്ടിവിറ്റികൾ നടത്തുന്നതിനുള്ള സാധ്യതകൾ നൽകുന്നു. നടത്തത്തിനായി കടൽതീരത്തു നിന്നും ഉയരത്തിലായി പൈലുകൾക്കു മുകളിൽ കോൺക്രീറ്റ് സ്ലാബ് വാർത്ത് അതിനു മുകളിലാണ് ഉല്ലാസ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്.
സ്വാഭാവിക ഭംഗിയുള്ള ബീച്ചിലെ പുൽമേടുകൾ, മരങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ഏറെ ആകർഷണീയമാണ്. വിശാലമായ നടപ്പാത, ആകർഷണീയമായ ബീച്ച് ഫ്രണ്ട് പരിസരം, കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ് ലറ്റുകൾ, കിയോസ്കുകൾ, അലങ്കാരലൈറ്റുകൾ, ഷെയ്ഡ് സ്ട്രക്ചർ, ശിൽപങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുണ്ട്.
.jpg)


