യാത്രാബാഗിൽ മാമ്പഴം ഉണ്ടോ ? വിമാനത്താവള-കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം
മാമ്പഴസീസൺ എത്തുമ്പോൾ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ ദൃശ്യങ്ങളിലും വലിയ മാറ്റം കാണാം. സാധാരണ യാത്രാസാധനങ്ങളോടൊപ്പം ഇഷ്ടപ്പെട്ട മാമ്പഴ ഇനങ്ങൾ നിറച്ച പെട്ടികളുമായി സഞ്ചാരികൾ എത്തുന്നത് പതിവായിത്തീരുന്നു. മറ്റു നഗരങ്ങളിലേക്കുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാനമായി മാത്രമല്ല, ചിലപ്പോൾ വിദേശത്തേക്കും ഇവ കൊണ്ടുപോകാറുണ്ട്. എന്നാൽ വിമാനത്താവളങ്ങളിലും കസ്റ്റംസ് നടപടികളിലും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് പലർക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ലെന്നതാണ് വാസ്തവം.
വിമാനത്തിൽ മാമ്പഴം കൊണ്ടുപോകാൻ സാധാരണയായി അനുവാദമുണ്ടെങ്കിലും, നിയമങ്ങൾ നിങ്ങൾ എങ്ങോട്ടാണ് യാത്ര ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിലെ വിമാനത്താവള സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം പുതിയ പഴങ്ങൾ നിരോധിച്ച സാധനങ്ങളുടെ പട്ടികയിലില്ല. എന്നാൽ വിദേശരാജ്യങ്ങളിൽ കാർഷിക-കസ്റ്റംസ് നിയമങ്ങൾ വളരെ കർശനമാണ്.
ഇന്ത്യയിലെ സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പ്രകാരം മാമ്പഴം സ്ഫോടകവസ്തുക്കളോ ആയുധങ്ങളോ പോലുള്ള നിരോധിത വസ്‌തുക്കളുടെ പരിധിയിൽ വരുന്നില്ല. അതിനാൽ ചില എയർലൈനുകളുടെ പ്രത്യേക ലഗേജ് പോളിസികളിൽ കൃത്യമായി വിലക്കാത്ത പക്ഷം, ഇന്ത്യക്കകത്ത് വിമാനത്തിൽ മാമ്പഴം ധൈര്യമായി കൊണ്ടുപോകാം. മാമ്പഴവുമായി വിദേശത്തേക്ക് പോകുമ്പോൾ അതീവ ജാഗ്രത വേണം. യു.എസ്.എ, യു.കെ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കാർഷിക ഇറക്കുമതി നിയമങ്ങൾ കടുത്തതാണ്. കീടങ്ങളും ബാക്ടീരിയകളും ഇല്ലെന്ന് ഉറപ്പാക്കാൻ മാമ്പഴങ്ങൾ പ്രത്യേക ഇറേഡിയേഷൻ പ്രക്രിയക്ക് വിധേയമാക്കേണ്ടതുണ്ട്.
മാമ്പഴങ്ങൾ ലഗേജിനുള്ളിൽ ലൂസായി ഒരിക്കലും വെക്കരുതെന്ന് വിദഗ്ധർ നിർദേശിക്കുന്നു. യാത്രക്കിടയിൽ ചതഞ്ഞുപോകാതിരിക്കാൻ നല്ല കട്ടിയുള്ള, ചോർച്ചയില്ലാത്ത ബോക്സുകളിൽ വേണം ഇവ പാക്ക് ചെയ്യാൻ. ഉള്ളിൽ മൃദുവായ പാഡിങ് നൽകുന്നത് മാമ്പഴം കേടു കൂടാതെ സൂക്ഷിക്കാൻ സഹായിക്കും. ഇതിനൊപ്പം വാങ്ങിയ ബില്ലുകളും ആവശ്യമായ സർട്ടിഫിക്കറ്റുകളും കസ്റ്റംസ് പരിശോധനക്കായി കൈയിൽ കരുതണം.
ബയോസെക്യൂരിറ്റി കാരണങ്ങളാൽ വിദേശരാജ്യങ്ങളിലെ നിയമങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം. അതിനാൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് അവിടുത്തെ കസ്റ്റംസ് നിയമങ്ങൾ പരിശോധിക്കുക. പരിശോധനാ സമയത്ത് ഉദ്യോഗസ്ഥർ ചോദിച്ചാൽ നിങ്ങളുടെ കൈയിൽ പഴങ്ങൾ ഉള്ള കാര്യം മറച്ചുവെക്കാതെ വ്യക്തമായി പറയുകയും അവരുമായി പൂർണ്ണമായി സഹകരിക്കുകയും ചെയ്യുക.
.jpg)

