ഇൻസ്റ്റയും വാട്ട്‌സ്ആപ്പും ഏറ്റെടുത്ത 'തെറ്റിന്' സുക്കർബർഗിനെതിരെ യുഎസ് സർക്കാർ


ടെക്ക് ഭീമനായ മെറ്റ വിചാരണ നേരിടാൻ ഒരുങ്ങുകയാണ്. വിപണയിലെ തങ്ങളുടെ ശക്തി ദുരുപയോഗം ചെയ്ത് ഇൻസ്റ്റഗ്രാമും വാട്ട്‌സ്ആപ്പും മെറ്റ ഏറ്റെടുക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണമാണ് യുഎസ് സർക്കാർ ഉന്നയിച്ചിരിക്കുന്നത്. തങ്ങൾക്കൊരു എതിരാളിയാകുന്നതിന് മുമ്പ് തന്നെ മെറ്റ ഇത്തരമൊരു കളികളിച്ചെന്നാണ് യുഎസ് സർക്കാരിന്റെ വാദം..
ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തുമ്പോൾ മെറ്റയ്ക്ക് എതിരെയുള്ള വിശ്വാസ വഞ്ചനാ കുറ്റം സർക്കാർ മൃദുവായി കൈകാര്യം ചെയ്യുമെന്നുള്ള മെറ്റ മേധാവിയുടെ എല്ലാ പ്രതീക്ഷയ്ക്ക് ഏറ്റ വലിയൊരടിയാണ് വാഷിംഗ്ടൺ ഫെഡറൽ കോടതിയിൽ നടക്കാൻ പോകുന്ന വിചാരണ.
യുഎസ് ഉപഭോക്തൃ സംരക്ഷണ ഏജൻസിയായ ഫെഡറൽ ട്രേഡ് കമ്മിഷനാണ് മെറ്റയ്ക്ക് എതിരെ കേസുമായി മുന്നോട്ടു പോകുന്നത്. ഗ്ലോബർ പവർഹൗസായി വളർന്നുവന്ന ഇൻസ്റ്റഗ്രാമിന്റെയും വാട്ട്‌സ്ആപ്പിന്റെയും വളർച്ച ഫേസ്ബുക്ക് ഉടമ തടഞ്ഞുവെന്നുമാണ് ആരോപണം.

2020ലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. ഇത് ആദ്യ ട്രംപ് ഭരണത്തിനിടയിലായിരുന്നു. രണ്ടാം തവണയും ട്രംപ് വൈറ്റ് ഹൗസിലെത്തുമ്പോൾ ഈ നിലപാടിൽ അയവ് വരുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ മൂന്നാം സ്ഥാനത്തുള്ള സക്കർബർഗ് വൈറ്റ്ഹൗസിൽ നിരന്തരം സന്ദർശനം നടത്തിയിരുന്നു. വിചാരണയ്ക്ക് പകരം എന്ത് ഒത്തുതീർപ്പിനും സക്കർബർഗ് തയ്യാറായിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ ഫണ്ട് വിതരണത്തിലും പിശുക്ക് കാട്ടാത്ത സക്കർബർഗ്, റിപ്പബ്ലിക്കൻസിനെ അനുകൂലിച്ച് കണ്ടന്റുകൾ ആൾക്കാരിലെത്തിക്കാനും നയങ്ങൾ കൊണ്ടുവന്നിരുന്നു.