സബ്‌സ്‌ക്രിപ്ഷൻ സേവനം ആരംഭിക്കാൻ ഒരുങ്ങി വാട്‌സ്ആപ്പ്
ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റൻറ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സബ്‌സ്‌ക്രിപ്ഷൻ സേവനം ആരംഭിക്കുന്നതായി സ്ഥിരീകരിച്ച് മാതൃകമ്പനിയായ മെറ്റ.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കായി വാട്‌സ്ആപ്പ് പ്ലസ് എന്ന പേരിൽ പുതിയ ഓപ്ഷണൽ സബ്‌സ്‌ക്രിപ്ഷൻ സേവനം അവതരിപ്പിക്കാൻ ഒരുങ്ങി മെറ്റ. കൂടുതൽ ഫീച്ചറുകളും ആപ്പ് ഇന്റർഫേസ് ഇഷ്ടാനുസരണം മാറ്റാനുള്ള സൗകര്യങ്ങളുമാണ് ഈ സേവനത്തിന്റെ പ്രധാന ആകർഷണം. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റർമാർക്കിടയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കി വരികയാണ്. സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്നതിനായി മാസം തോറും എത്ര തുക നൽകേണ്ടി വരുമെന്ന കാര്യം മെറ്റ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തുടക്കത്തിൽ ഒരു മാസത്തെ സൗജന്യ ട്രയൽ നൽകാൻ സാധ്യതയുണ്ട്.
വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തിഗതമായ അനുഭവം നൽകുകയാണ് ഈ പ്രീമിയം സേവനത്തിലൂടെ മെറ്റ ലക്ഷ്യമിടുന്നത്. പ്രധാനമായും ചാറ്റുകൾ പിൻ ചെയ്യുന്നതിലാണ് വലിയ മാറ്റം വരുന്നത്. നിലവിൽ മൂന്ന് ചാറ്റുകൾ മാത്രം പിൻ ചെയ്യാൻ സാധിക്കുന്ന സ്ഥാനത്ത്, വാട്‌സ്ആപ്പ് പ്ലസ് ഉപഭോക്താക്കൾക്ക് 20 ചാറ്റുകൾ വരെ പിൻ ചെയ്ത് വെക്കാനാകും. കൂടാതെ, പുതിയ ചാറ്റ് തീമുകൾ, വ്യത്യസ്തമായ ആപ്പ് ഐക്കണുകൾ എന്നിവ ഉപയോഗിച്ച് ആപ്ലിക്കേഷന്റെ രൂപഭാവം പൂർണ്ണമായും മാറ്റാനുള്ള സൗകര്യവും ഇതിലുണ്ടാകും.
വിപുലമായ നോട്ടിഫിക്കേഷൻ ക്രമീകരണങ്ങളാണ് മറ്റൊരു പ്രത്യേകത. പ്രത്യേക വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമായി വ്യത്യസ്തമായ നോട്ടിഫിക്കേഷൻ ടോണുകളും റിംഗ്‌ടോണുകളും ക്രമീകരിക്കാൻ സാധിക്കും. കോൺടാക്റ്റുകളെയും ഗ്രൂപ്പുകളെയും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തരംതിരിക്കാനുള്ള ഓപ്ഷനുകളും ഇതിലുണ്ടാകുമെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഈ സേവനം എപ്പോൾ മുതൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്ന് വരും ദിവസങ്ങളിൽ മെറ്റ വ്യക്തമാക്കും.
.jpg)

