പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്

whats

 ഓൺലൈൻ തട്ടിപ്പുകളും അക്കൗണ്ട് ഹാക്കിംഗും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി വാട്സ്ആപ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. അക്കൗണ്ട് സുരക്ഷ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാറ്റങ്ങളെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വാട്സ്ആപ് കൊണ്ടുവന്ന പുതിയ ഫീച്ചറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കോൾ സ്ക്രീനിങ് സംവിധാനം. ഇത് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത് തട്ടിപ്പുകാർക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

സേവ് ചെയ്യാത്ത അൺനോൺ നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ തന്നെ കോളറിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം സ്ക്രീനിൽ വരും. ഏത് രാജ്യത്ത് നിന്നാണ് കോൾ വരുന്നത്, വിളിക്കുന്ന വ്യക്തി നിങ്ങൾ ഉൾപ്പെടുന്ന ഏതെങ്കിലും വാട്സ്ആപ് ഗ്രൂപ്പിൽ ഉൾപ്പെടുന്നുണ്ടോ, തുടങ്ങിയ വിവരങ്ങളെല്ലാം സ്ക്രീനിൽ തെളിയും. വാട്സ്ആപ് വഴിയുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം അപ്ഡേറ്റുകൾ ഏറെ ഉപയോഗപ്രധമാകും. ഇനി മുതൽ കോൾ വരുമ്പോൾ ഉപയോക്താവിൻറെ വിവേചനാധികാരം ഉപയോഗപ്പെടുത്തിക്കൊണ്ട് അറ്റൻറ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

കോൾ സ്ക്രീനിങിനു പുറമേ വാട്സ്ആപ് പാസ്വേഡുകൾ ക്രമീകരിക്കുന്നതിലും അപ്ഡേഷൻ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ ആക്കൗണ്ട് സുരക്ഷക്കായി 6 അക്കങ്ങളുള്ള പിൻ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷക്കായി അക്കൗണ്ടുകളിൽ അക്ഷരങ്ങളും പ്രത്യേക ചിഹ്നങ്ങളും ഉൾപ്പെടുന്ന ശക്തമായ പാസ്‌വേഡുകൾ തിരഞ്ഞെടുക്കാൻ സാധിക്കും.

ഒരേ അക്കൗണ്ടിൽ ഒന്നിലധികം പാസ്‌കീകൾ ചേർക്കാനുള്ള സൗകര്യം വാട്സാപ്പ് നൽകുന്നുണ്ട്. ഐഫോൺ, ആൻഡ്രോയിഡ് ഡിവൈസുകൾ മാറിമാറി ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടുമെന്ന് കമ്പനി അറിയിച്ചു. ഫേസ് ഐഡി അല്ലെങ്കിൽ ഫിംഗർപ്രിന്റ് ഉപയോഗിച്ച് പാസ്‌വേഡുകളുടെ ആവശ്യമില്ലാതെ തന്നെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഇത് സഹായിക്കും. ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഉപയോക്താക്കൾക്ക് തട്ടിപ്പുകളിൽ നിന്ന് പരിരക്ഷ നൽകുന്നതിന്റെ ഭാഗമായാണ് ഈ പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. 

Tags