പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഉപയോക്താക്കളുടെ ചാറ്റിംഗ് സുരക്ഷയും സ്വകാര്യതയും കൂടുതൽ ശക്തമാക്കാൻ പുതിയ ഫീച്ചറുമായി ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. മെസേജുകൾ സ്വീകർത്താവ് വായിച്ചതിന് ശേഷം നിശ്ചിത സമയത്തിനകം സ്വമേധയാ ഡിലീറ്റ് ചെയ്യുന്ന ‘ആഫ്റ്റർ റീഡിംഗ്’ ഫീച്ചറിൻ്റെ പരീക്ഷണമാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിൽ സന്ദേശം അയക്കുന്ന നിമിഷം മുതൽ സമയം കണക്കാക്കുമ്പോൾ, പുതിയ ഫീച്ചറിൽ സ്വീകർത്താവ് ചാറ്റ് തുറന്ന് സന്ദേശം വായിച്ചതിന് ശേഷമേ കൗണ്ട്ഡൗൺ ആരംഭിക്കൂ എന്നതാണ് ഇതിന്റെ പ്രത്യേകത.
വാട്‌സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇൻഫോയുടെ റിപ്പോർട്ടുകൾ പ്രകാരം ഐഒഎസ്, ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കൾക്കാണ് നിലവിൽ ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായിട്ടുള്ളത്. ഡിസപ്പിയറിംഗ് മെസേജ് സെറ്റിംഗ്സിന് കീഴിലാണ് പുതിയ ‘ആഫ്റ്റർ റീഡിംഗ്’ ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചർ അനുസരിച്ച് സന്ദേശം വായിച്ചതിന് ശേഷം അഞ്ച് മിനിറ്റ്, ഒരു മണിക്കൂർ, 12 മണിക്കൂർ എന്നീ സമയപരിധികളിൽ ഏതെങ്കിലും ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഇനി സ്വീകർത്താവ് സന്ദേശം തുറന്നിട്ടില്ലെങ്കിൽ പോലും 24 മണിക്കൂറിന് ശേഷം അത് സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും.
വ്യക്തിഗത ചാറ്റുകൾക്കോ അല്ലെങ്കിൽ പുതിയ എല്ലാ ചാറ്റുകൾക്കോ വേണ്ടി ഈ സംവിധാനം ഉപയോക്താക്കൾക്ക് ക്രമീകരിക്കാൻ സാധിക്കും. നിലവിലുള്ള ചാറ്റുകളിൽ ഈ ഫീച്ചർ സ്വമേധയാ പ്രവർത്തിക്കില്ലെന്നും ഉപയോക്താക്കൾ തന്നെ ഇത് സെറ്റ് ചെയ്യണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സന്ദേശം അയച്ച വ്യക്തിയുടെ ഫോണിലെ പകർപ്പ് തിരഞ്ഞെടുത്ത സമയക്രമം അനുസരിച്ച് ഇല്ലാതാകുമ്പോൾ, സ്വീകരിക്കുന്നയാളുടെ ഫോണിൽ അദ്ദേഹം സന്ദേശം വായിച്ചതിന് ശേഷം മാത്രമേ കൗണ്ട്ഡൗൺ തുടങ്ങുകയുള്ളൂ. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഈ ഫീച്ചർ അടുത്ത ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.
.jpg)

