പുതിയ നിയമങ്ങളുമായി വാട്സ്ആപ്പ്: ജനുവരി 1 മുതൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടത്
വാട്സ്ആപ്പില്ലാത്ത ഒരു ദിവസം നമുക്ക് ആലോചിക്കാൻ കൂടി കഴിയില്ല. എന്നാൽ മെസേജിങ് ആപ്പുകളുടെ ഉപയോഗ രീതിയിൽ വലിയ മാറ്റങ്ങൾ വരികയാണ്. സൈബർ തട്ടിപ്പുകൾ തടയാൻ കേന്ദ്ര ടെലികോം വകുപ്പ് (DoT) കൊണ്ടുവരുന്ന 'സിം ബൈൻഡിങ്' നിയമം 2027 ജനുവരി 1 മുതൽ നിലവിൽ വന്നേക്കാം. അക്കൗണ്ട് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഫോണിൽ സജീവമായിരിക്കണം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
എന്താണ് സിം ബൈൻഡിങ്?
വാട് സ് ആപ്പ് അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ മൊബൈൽ നമ്പർ നൽകി ഒടിപി ഉപയോഗിച്ച് സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. ഒരിക്കൽ ലോഗിൻ ചെയ്തുകഴിഞ്ഞാൽ ആ സിം കാർഡ് ഫോണിൽനിന്ന് മാറ്റിയാലും വൈഫൈ ഉപയോഗിച്ച് വാട് സ് ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സാഹചര്യങ്ങളുണ്ട്. എന്നാൽ പുതിയ നിയമപ്രകാരം അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം കാർഡ് അതേ ഉപകരണത്തിൽ സജീവമായി നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടിവരും. സിം കാർഡ് നീക്കം ചെയ്യുകയോ നിർജീവമാകുകയോ ചെയ്താൽ ആ അക്കൗണ്ടിന്റെ പ്രവർത്തനത്തെ ഇത് ബാധിച്ചേക്കാം.
രണ്ട് ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം
ഒരു ഫോണിൽ സിം കാർഡ് സൂക്ഷിക്കുകയും മറ്റൊരു ഫോണിൽ വൈഫൈ ഉപയോഗിച്ച് വാട് സ് ആപ്പ് പ്രവർത്തിപ്പിക്കുകയും ചെയ്യുന്നവർക്ക് പുതിയ മാറ്റം പ്രസക്തമാണ്. ഉദാഹരണത്തിന് വാട് സ് ആപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്ത സിം ഒരു ഫോണിലാണുള്ളതെന്നും മറ്റൊരു ഫോണിലാണ് വാട് സ് ആപ്പ് പതിവായി ഉപയോഗിക്കുന്നതെന്നും കരുതുക. പുതിയ വ്യവസ്ഥകൾ നടപ്പാക്കുമ്പോൾ ഇത്തരത്തിലുള്ള ഉപയോഗത്തിന് നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നേക്കാം. ടാബ്ലെറ്റുകളിലോ സിം കാർഡ് ഇല്ലാത്ത ഫോണുകളിലോ വൈഫൈ മാത്രം ഉപയോഗിച്ച് മെസേജിങ് ആപ്പുകൾ പ്രവർത്തിപ്പിക്കുന്നവരും തങ്ങളുടെ ഉപകരണങ്ങളിൽ മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടിവരും.
സിം കാർഡ് പ്രവർത്തനരഹിതമായാൽ എന്ത് സംഭവിക്കും?
വാട് സ് ആപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ ദീർഘകാലമായി ഉപയോഗിക്കാത്തവരും സിം കാർഡ് നഷ്ടപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കണം. സിം നിർജീവമായാൽ അക്കൗണ്ടിന്റെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വാട് സ് ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന നമ്പർ ഇപ്പോഴും ഉപയോഗത്തിലുണ്ടെന്നും സിം സജീവമാണെന്നും ഉറപ്പാക്കുന്നത് നല്ലതാണ്. മൊബൈൽ നമ്പർ മാറ്റിയിട്ടുണ്ടെങ്കിൽ വാട്സ്ആപ്പിലെ 'Change Number' സൗകര്യം ഉപയോഗിച്ച് പുതിയ നമ്പറിലേക്ക് മാറാം. ഇതിലൂടെ അക്കൗണ്ടും നിലവിലുള്ള ചാറ്റുകളും നിലനിർത്താൻ സാധിക്കും.
എന്തിനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം?
വ്യാജ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ തടയുകയാണ് പ്രധാന ലക്ഷ്യം. സിം കാർഡ് ഫോണിൽനിന്ന് മാറ്റിയശേഷവും ചില മെസേജിങ് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നത് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സിം കാർഡും അക്കൗണ്ടും തമ്മിലുള്ള ബന്ധം ഉറപ്പാക്കുന്നതിലൂടെ ഇത്തരം അക്കൗണ്ടുകളുടെ ദുരുപയോഗം കുറയ്ക്കാനും തട്ടിപ്പുകൾ അന്വേഷിക്കുമ്പോൾ നമ്പറുകളുടെ ഉടമസ്ഥതയും പ്രവർത്തനവും കണ്ടെത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ.
വാട് സ് ആപ്പ് വെബിലും മാറ്റമുണ്ടാകുമോ?
വാട് സ് ആപ്പ് വെബ്, ഡെസ്ക്ടോപ്പ് പതിപ്പുകൾ ഉപയോഗിക്കുന്നവരും പുതിയ നിർദേശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. എന്നാൽ ഈ ഉപകരണങ്ങളിൽ ഓരോ ആറു മണിക്കൂറിലും നിർബന്ധമായി ലോഗൗട്ട് ചെയ്യണമെന്ന മുൻ നിർദേശം പിന്നീട് മാറ്റിയിട്ടുണ്ട്. പകരം സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോഗൗട്ട് വ്യവസ്ഥകളാണ് പരിഗണിക്കുന്നത്. അതുകൊണ്ട് ജനുവരി 1 മുതൽ എല്ലാവരും ആറു മണിക്കൂർ കൂടുമ്പോൾ വാട് സ് ആപ്പ് വെബിൽ വീണ്ടും ലോഗിൻ ചെയ്യേണ്ടിവരുമെന്ന് കരുതേണ്ടതില്ല.
അതുകൊണ്ടുതന്നെ വാട് സ് ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ സജീവമായി നിലനിർത്തുക. സിം കാർഡ് മറ്റൊരു ഫോണിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലോ വൈഫൈ മാത്രം ഉപയോഗിച്ചാണ് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതെങ്കിലോ പുതിയ മാറ്റങ്ങൾ നിങ്ങളുടെ ഉപയോഗത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുക.
.jpg)


