'ഗൂഗിൾ ക്രോം' ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്


ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം(സെർട്). സോഫ്റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ വലിയ സുരക്ഷാഭീഷണി ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. അപ്‌ഡേറ്റ് ചെയ്യാത്ത ഗൂഗിൾ ക്രോമുകളിൽ ഹാക്കിങ് ഉണ്ടാകാമെന്നും അവ വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നുമാണ് മുന്നറിയിപ്പ്. ഇത് ഹാക്കർമാർ സിസ്റ്റത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുന്നതിലേക്ക് നയിക്കുമെന്നും സ്വകാര്യ വിവരങ്ങളടക്കം ചോരുന്നതിലേക്ക് എത്തിക്കുമെന്നും സെർട് അധികൃതർ പറഞ്ഞു.
കസ്റ്റം ടാബുകൾ, ഇന്റന്റുകൾ, എക്സ്റ്റെൻഷനുകൾ, നാവിഗേഷനുകൾ, ഓട്ടോഫിൽ, ഡൗൺലോഡുകൾ തുടങ്ങിയവയിൽ എല്ലാം നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഒരു ഹാക്കറിന്, ഏതെങ്കിലും ഒരു വെബ് പേജിലേക്ക് ഒരാളെ കൊണ്ടുവരുന്നതിലൂടെ, വളരെ എളുപ്പത്തിൽ അയാളുടെ സിസ്റ്റത്തെ ഹാക്ക് ചെയ്യാൻ സാധിക്കും. ലിനക്സിൽ 135.0.7049.52 വേർഷന് മുമ്പുള്ള എല്ലാ വേർഷനുകൾക്കും, വിൻഡോസ്, മാക്ഓ എസ് എന്നിവയിൽ 135.0.7049.41/42ന് മുൻപുള്ള വേർഷനുകൾക്കുമാണ് അപ്‌ഡേറ്റ് ഉടനടി വേണ്ടത്.
