എക്സ് 200 സീരീസിൽ കോംപാക്ട് ഫ്ലാഗ്ഷിപ്പുമായി വിവോ

Vivo
Vivo

എക്സ് 200 മിനി ഇറങ്ങിയപ്പോൾ പ്രതീക്ഷകൾ പൂവിട്ടെങ്കിലും ‘ചൈനയിൽ മാത്രം’ എന്ന് പറഞ്ഞ് വിവോ ഇന്ത്യക്കാരുടെ മോഹങ്ങൾ തല്ലിക്കെടുത്തി. അന്ന് മുതൽ മിനിയെ ഇന്ത്യയിൽ ഇറക്കാൻ മുറവിളി കൂട്ടുന്നുണ്ടെങ്കിലും വിവോ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നില്ല. എന്നാൽ, ഇന്ത്യൻ ആരാധകരുടെ കണ്ണീർ മറ്റൊരാൾക്ക് കാണാതിരിക്കാനായില്ല. സാക്ഷാൽ വൺപ്ലസ് ആയിരുന്നു അത്. വൺപ്ലസ് 13 എസ് ഇന്ത്യയിൽ പ്രഖ്യാപിച്ചതോടെ ഉറങ്ങി കിടന്ന വിവോയിലെ ഇന്ത്യൻ സ്നേഹം ഉണർന്നു. ഇപ്പോഴിതാ X 200 എഫ് ഇ എന്ന പേരിൽ ജൂലൈയിൽ ഒരു കോംപാക്ട് ഫ്ലാഗ്ഷിപ്പുമായി വിവോ ഇന്ത്യയിലേക് വരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

120 hz റീഫ്രഷ് റേറ്റുള്ള 1.5 k റെസല്യൂഷൻ 6.31 ഇഞ്ച് കുഞ്ഞൻ oled ഡിസ്‌പ്ലെയാണ് ഫോണിന് നൽകിയിരിക്കുന്നത്. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9300+ അല്ലെങ്കിൽ ഡൈമെൻസിറ്റി 9400e ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തു പകരുക എന്നാണ് ടെക് ലോകത്തെ സംസാരം. 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6500 എംഎഎച്ച് എന്ന വമ്പൻ ബാറ്ററിയാണ് ഈ കുഞ്ഞൻ ശരീരത്തിൽ ഉള്ളത്. എന്നാൽ ഭാരം 200 ഗ്രാമോളം ഉണ്ടാകും.

എക്സ് 200 സീരീസിലെ പ്രധാന ആകർഷണം കാമറ തന്നെയാണ് ഈ ഫോണിലെയും മെയിൻ ഫീച്ചർ. 50 മെഗാപിക്സൽ സോണി IMX921 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 50 മെഗാപിക്സൽ സോണി IMX882 3x ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ഡിഎസ്എൽആറിനെ നാണിപ്പിക്കുന്ന സീസ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിൻറെ പിന്നിൽ ഘടിപ്പിച്ചിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിട്ടുണ്ട്. മറ്റ് X200 മോഡലുകളെപ്പോലെ ഇതിലും IP68, IP69 റേറ്റിങ്ങിനുണ്ടാകും. 12 ജിബി റാം 256 ജിബി സ്റ്റോറേജാണ് അടിസ്ഥാന മോഡലിന് വരുന്നത്. വിവോ X200 എഫ് ഇ യുടെ വില ഇന്ത്യയിൽ 50,000 രൂപ മുതൽ 60,000 രൂപ വരെയാകുമെന്നാണ് വിവരം.
 

Tags