പഴയ ജി മെയിൽ യൂസർനെയിം ഉപയോ​ഗിച്ച് മടുത്തോ ? പേരുമാറ്റാം; ജിമെയിലിൽ പുത്തന്‍ അപ്ഡേറ്റ്

Tired of using your old Gmail username? You can change your name; New update in Gmail

കലിഫോർണിയ : പഴയ ജി മെയിൽ യൂസർനെയിം ഉപയോ​ഗിച്ച് മടുത്തവരാണോ ?ഇനി ആ മടുപ്പ് വേണ്ട. ജി മെയിൽ ഐ ഡിയിൽ പേര് മാറ്റാൻ അവസരവുമായി ​ഗൂ​ഗിൾ. ജിമെയിലിന്റെ 22 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഫീച്ചർ അവതരിപ്പിക്കുന്നത്. നിലവിൽ യുഎസിലുള്ള ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാവുക. അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടാതെ തന്നെ, @gmail.com എന്ന ഇമെയിൽ വിലാസത്തിന് മുമ്പ് കാണുന്ന ​ഗൂ​ഗിൾ അക്കൗണ്ട് യൂസർനെയിം മാറ്റാനുള്ള അവസരമാണ് നൽകുന്നത്.

മുമ്പ് ജിമെയിൽ ഐഡി മാറ്റണമെങ്കിൽ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണമായിരുന്നു. എന്നാൽ ഇനി മുതൽ അതിന്റെ ആവശ്യമില്ല. യൂസർനെയിം മാറ്റി പുതിയ പേര് ആക്കിയാലും നിങ്ങളുടെ പഴയ പേരിലുള്ള ജി മെയിൽ പ്രവർത്തനക്ഷമമായിരിക്കും. ആ പേരിലേക്ക് വരുന്ന മെയിലുകൾ പുതിയ യൂസർനെയിമിലുള്ള ജി മെയിൽ ഇൻബോക്സിൽ തന്നെയാവും കാണുന്നത്. പഴയ യൂസർ ഐഡിയിൽ വന്ന മെയിലുകളോ ചിത്രങ്ങളോ വീഡിയോകളോ ആവശ്യമുള്ള ഡോക്യുമെന്റുകളോ ഒന്നും നഷ്ടമാകില്ല എന്നതാണ് ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത.

ജിമെയിൽ, ഫോട്ടോസ്, ഡ്രൈവ് തുടങ്ങിയ ആപ്പുകളിലേക്കും സേവനങ്ങളിലേക്കും സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കുന്ന ഇ മെയിൽ ഐഡികൾക്കും മാറ്റം സാധ്യമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. വർഷത്തിൽ ഒരു തവണ മാത്രമേ നിലവിൽ മാറ്റം സാധ്യമാവുകയുള്ളൂ.

"2004 ഒരു നല്ല വർഷമായിരുന്നു, പക്ഷേ നിങ്ങളുടെ ജിമെയിൽ വിലാസം അതിൽ കുടുങ്ങേണ്ടതില്ല. v0t3f0rp3dr 02004 @gmail.com അല്ലെങ്കിൽ mrbrightside 416 @gmail.com (അല്ലെങ്കിൽ ആ സമയത്ത് നിങ്ങൾ എന്തായിരുന്നോ അത്) എന്നിവയോട് വിട പറയാൻ സമയമായി. നിങ്ങളുടെ ​ഗൂ​ഗിൾ അക്കൗണ്ട് ക്രമീകരണങ്ങളിലേക്ക് പോയി ലഭ്യമായ ഏതെങ്കിലും പേര് തിരഞ്ഞെടുക്കുക. നിങ്ങളുടെ പഴയ യൂസർനെയിം നിങ്ങൾക്ക് നിലനിർത്താം. രണ്ടും ഉപയോഗിച്ച് നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാൻ കഴിയും- മാർച്ച് 31 ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചൈ പോസ്റ്റ് പറഞ്ഞു.

പേര് മാറ്റാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ അവരുടെ ഇമെയിൽ ക്രമീകരണങ്ങളിലേക്ക് പോയി, വ്യക്തിഗത വിവരങ്ങളിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഇമെയിൽ ക്ലിക്ക് ചെയ്ത് ​ഗൂ​ഗിൾ അക്കൗണ്ട് ഇമെയിൽ തുറക്കുക. ഇവിടെ യൂസർനെയിം മാറ്റാൻ സാധിക്കുന്ന ​ഗൂ​ഗിൾ അക്കൗണ്ട് ഇമെയിൽ ഓപ്ഷൻ കാണാം. ആരംഭിക്കുന്ന സമയത്ത് പരിമിതമായ സേവനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ഇന്ന് ദൈനം ദിനം ജിമെയിൽ ഉപയോ​ഗിക്കേണ്ടി വരുന്നുണ്ട്. സ്ട്രീമിങ് ആപ്പുകൾ മുതൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി വരെ ജിമെയിൽ ലോ​ഗിൻ ആവശ്യമാണ്. ഈ അവസരത്തിൽ പഴയ വിചിത്രമായ പേരുകൾ മാറ്റാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നത് നല്ല തീരുമാനമാണെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.

Tags