യുപിഐ പേയ്‌മെന്റ് ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നു

upi
upi

 ഒരു ചായ കുടിക്കുന്നതിന് പോലും ഗൂഗിൾപേയോ ഫോൺപേയോ പേടിഎമ്മോ വഴിയാണ് ഇപ്പോൾ മിക്കവരും കാശ് നൽകുന്നത്. നമ്മുടെ നാട്ടിൽ തന്നെ ട്രെയിൻ ടിക്കറ്റെടുക്കാനും, കെഎസ്ആർടിസി ടിക്കറ്റിനും എന്തിനേറെ ഓട്ടോ ചാർജ് നൽകാൻ പോലും യുപിഐ ഉപയോഗിക്കുന്നത് കൂടിവരികയാണ്.ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ വലിയ വളർച്ചയാണ് ഈ കാലത്ത് ഉണ്ടായിട്ടുള്ളതെന്ന് സാരം. 

tRootC1469263">

എന്നാൽ വരുംകാലത്ത് യുപിഐ ഇടപാടുകൾ സൗജന്യമാകില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഇപ്പോൾ തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനും ബ്രോഡ്ബാൻഡ് ബിൽ അടയ്ക്കുമ്പോഴുമൊക്കെ ചില യുപിഐ സേവനദാതാക്കൾ ഒരു രൂപയോ രണ്ടു രൂപയോ ഒക്കെ സർവീസ് ചാർജ് ഈടാക്കുന്നുണ്ട്. ഇനി എല്ലാ ഇടപാടുകൾക്കും സർവീസ് ചാർജ് ഈടാക്കിയാൽ എന്തായാരിക്കും സ്ഥിതി? അടുത്തിടെ റിസർവ് ബാങ്കും ചില ബാങ്കുകളും നടത്തിയ നീക്കങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്താണ് ഈ വിഷയത്തിലെ യഥാർത്ഥ വസ്തുത? നമുക്ക് പരിശോധിക്കാം.

രാജ്യത്ത് പ്രതിമാസം കോടിക്കണക്കിന് യുപിഐ ഇടപാടുകളാണ് നടക്കുന്നത്. നിലവിൽ ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള യുപിഐ പണമിടപാടുകൾക്ക് ഉപഭോക്താക്കൾ ഒരു ഫീസും നൽകേണ്ടതില്ല. എന്നാൽ, യുപിഐ സംവിധാനം സൗജന്യമായി നിലനിർത്താൻ വലിയ സാമ്പത്തിക ചിലവുണ്ടെന്നാണ് റിസർവ് ബാങ്ക് ഗവർണർ തന്നെ പറയുന്നത്. ഈ ചിലവ് ആരെങ്കിലും വഹിക്കണം, അല്ലാത്തപക്ഷം ഈ സംവിധാനം ദീർഘകാലത്തേക്ക് ഈ രീതിയിൽ തുടരാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കുന്നു. ഇത് യുപിഐ ഇടപാടുകൾക്ക് ഭാവിയിൽ ചാർജ് ഈടാക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.

ഈ വിഷയം ആദ്യമായി ചർച്ചയായത് 2022-ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെയാണ്. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായങ്ങൾ തേടുകയായിരുന്നു അന്നത്തെ ആർബിഐ നീക്കം. എന്നാൽ അന്ന് കേന്ദ്ര ധനമന്ത്രാലയം ഉടൻ തന്നെ ഈ വിഷയത്തിൽ വ്യക്തത വരുത്തി. ഉപഭോക്താക്കളിൽ നിന്ന് ഒരു കാരണവശാലും യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കില്ലെന്നും യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും സർക്കാർ ഉറപ്പ് നൽകി.


പക്ഷേ, റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വീണ്ടും ആശങ്കയുണ്ടാക്കുന്നുണ്ട്. അടുത്തിടെ ഐസിഐസിഐ ബാങ്ക് ചില യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചു. തേർഡ്-പാർട്ടി പേയ് അഗ്രഗേറ്ററുകൾ വഴി നടത്തുന്ന ഇടപാടുകൾക്കാണ് ഈ ചാർജ്. അതായത്, ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ഐസിഐസിഐ ബാങ്കിലേക്ക് പണം വരുമ്പോൾ ബാങ്ക് ഈടാക്കുന്ന ഫീസ് ആണിത്. ഇത് ഉപഭോക്താവിനെ നേരിട്ട് ബാധിക്കില്ലെങ്കിലും, ഇത്തരം നീക്കങ്ങൾ ഭാവിയിൽ ഈ സേവനങ്ങൾക്ക് കൂടുതൽ ചിലവുകളുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, മറ്റൊരു പ്രധാന വിഷയമാണ് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്നുള്ള വാർത്തകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യുപിഐ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അയയ്ക്കുമ്പോൾ എത്ര വലിയ തുകയാണെങ്കിലും ചാർജ് ഇല്ല. എന്നാൽ, ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 1.1 ശതമാനം ‘ഇന്റർചേഞ്ച് ഫീസ്’ ബാധകമാണ്. ഇത് ഉപഭോക്താവിൽ നിന്ന് നേരിട്ട് ഈടാക്കുന്നില്ല, പകരം ഇടപാട് സ്വീകരിക്കുന്ന വ്യാപാരിയുടെ ബാങ്കാണ് ഈ ഫീസ് നൽകേണ്ടി വരിക.

ചുരുക്കത്തിൽ, നിലവിൽ സാധാരണക്കാർക്ക് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമാണ്. എന്നാൽ ഇത് സൌജന്യമായി തുടരാനാകില്ലെന്നും ചില ചാർജുകൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന നിലപാടിലുമാണ് റിസർവ് ബാങ്ക്. ഇതിന്റെ ചിലവ് ആര് വഹിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും തുടരും. ഇനിയുള്ള ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.

Tags