വോയിസ്, എസ്എംഎസ് എന്നിവയ്ക്കായി വെവ്വേറെ റീചാര്‍ജ് പാക്കുകള്‍? ഉപഭോക്താക്കള്‍ ഉപയോഗിക്കാത്ത സേവനത്തിന് പണം നല്‍കുന്നത്തിന് പരിഹാരംവേണം; പരിഷ്കാരത്തിനൊരുങ്ങി ട്രായ്
മൊബൈല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കാത്ത സേവനത്തിന് പണം നല്‍കുന്നതിനാലാണ് ട്രായ് പരിഷ്കാരത്തിന് ഒരുങ്ങുന്നത്. വോയിസ്, എസ്എംഎസ് എന്നിവയ്ക്കായി വെവ്വേറെ റീചാര്‍ജ് പാക്കുകള്‍ അവതരിപ്പിക്കുന്നത് ഉള്‍പ്പെടെ റീചാര്‍ജ് പരിഷ്കരിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
ഇതിന്‍റെ ഭാഗമായി കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് പുറത്തിറക്കി. നിലവില്‍ വിപണിയിലുള്ള താരിഫ് പ്ലാനുകള്‍ വോയിസ്, ഡാറ്റ, എസ്എംഎസ്, ഒടിടി സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. എല്ലാ സേവനങ്ങളും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമില്ലാത്തതിനാല്‍ ഉപയോഗിക്കാത്ത സേവനത്തിനാണ് പലരും പണം ചെലവാക്കുന്നത്.
ബണ്ടിൽഡ് ഓഫറുകൾ വരിക്കാര്‍ക്ക് പ്ലാന്‍ തിരഞ്ഞെടുക്കുന്നതിന് ഒരു പരിമിതിയാണെന്നും ട്രായ് വ്യക്തമാക്കി. 2012 ലെ ടെലികോം കണ്‍സ്യമൂര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് ഭേദഗതി ചെയ്യുകയും നിലവിലുള്ളതിനൊപ്പം പ്രൊഡക്ട് സ്പെസിഫിക് താരിഫ് പ്ലാനുകള്‍ കൊണ്ടുവരണമോ എന്നുമാണ് ട്രായ് നിര്‍ദ്ദേശങ്ങള്‍ തേടുന്നത്.