‘ടിക് ടോക്’ നിരോധിക്കാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ

ലണ്ടൻ: ചൈനീസ് കമ്പനി വികസിപ്പിച്ച വിഡിയോ ഷെയറിങ് ആപ്പായ ‘ടിക് ടോക്’ ബ്രിട്ടീഷ് സർക്കാർ അധീനതയിലുള്ള ഫോണുകളിൽ ഉപയോഗിക്കുന്നത് നിരോധിക്കും. യു.കെ പാർലമെന്റിൽ കാബിനറ്റ് ഓഫിസ് മന്ത്രി ഒലിവർ ഡൗഡെൻ ആണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷ കാരണങ്ങളാണ് നിരോധനത്തിനു പിന്നിൽ.
നേരത്തെ ഇന്ത്യയും യൂറോപ്യൻ യൂനിയനും കാനഡയും യു.എസും രാജ്യമാകെ ടിക് ടോക് നിരോധിച്ചിരുന്നു. ചൈനീസ് സർക്കാറുമായി തങ്ങൾ ഡേറ്റ പങ്കുവെക്കുന്നില്ല എന്നാണ് ടിക് ടോക് കമ്പനി പറയുന്നത്.
അതിനിടെ, ടിക് ടോക്കിനെതിരെ അമേരിക്ക ഇല്ലാക്കഥകൾ മെനയുകയാണെന്ന് ചൈന ആരോപിച്ചു. ടിക് ടോക്ക് ഓഹരികൾ വിൽക്കാൻ ഉടമകളോട് ബൈഡൻ ഭരണകൂടം സമ്മർദം ചെലുത്തുന്നുവെന്ന റിപ്പോർട്ടിനിടെയാണ് ചൈനയുടെ പ്രതികരണം.