പ്രതിമാസം 8600 രൂപ! സ്റ്റാര്‍ലിങ്ക് ഇന്ത്യ നിരക്കുകള്‍ വെബ്‌സൈറ്റില്‍; ഇന്ത്യക്കാര്‍ മുഖം തിരിക്കുമെന്നറിഞ്ഞതോടെ യൂടേണ്‍ അടിച്ച് സ്പേസ് എക്‌സ്?

starlink
starlink

സ്റ്റാർലിങ്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്ത്യയിലെ സ്റ്റാര്‍ലിങ്ക് പ്ലാനുകളുടെ വില വിവരം ദൃശ്യമാവുകയായിരുന്നു. എന്നാല്‍ ഇതൊരു പിഴവെന്ന് സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്‍റിന്‍റെ വിശദീകരണം. 

ദില്ലി: ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ അവരുടെ റെസിഡൻഷ്യൽ പ്ലാൻ ആരംഭിച്ചതായി ഇക്കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സ്റ്റാർലിങ്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്ത്യയിലെ സ്റ്റാര്‍ലിങ്ക് പ്ലാനുകളുടെ വില വിവരം ദൃശ്യമാവുകയായിരുന്നു. പ്രതിമാസം 8,600 രൂപ സ്‌ക്രിപ്‌ഷൻ ഫീ, 34,000 രൂപയുള്ള ഹാർഡ്‌വെയർ കിറ്റ്, പരിധിയില്ലാത്ത ഡാറ്റ എന്നിവയാണ് ഇതിലുള്ളത്. ഉപയോക്താക്കൾക്ക് 30 ദിവസത്തെ ട്രയലും ലഭിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കകം ഈ വെബ്‍സൈറ്റിലെ റിപ്പോർട്ട് ഒരു പിശകാണെന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റാര്‍ലിങ്ക് അധികൃതര്‍. ഇതേക്കുറിച്ച് വിശദമായി അറിയാം.
വിശദീകരണവുമായി സ്റ്റാര്‍ലിങ്ക് വൈസ് പ്രസിഡന്‍റ്

tRootC1469263">

ഒരു താൽക്കാലിക കോൺഫിഗറേഷൻ പിശക് കാരണം ചില ഡമ്മി ടെസ്റ്റ് ഡാറ്റകൾ ദൃശ്യമായെന്നും എന്നാൽ അവ ഇന്ത്യയ്ക്കുള്ള സ്റ്റാർലിങ്കിന്‍റെ യഥാർഥ വിലനിർണ്ണയത്തെ സൂചിപ്പിക്കുന്നില്ലെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസിന്‍റെ വൈസ് പ്രസിഡന്‍റും സ്‌പേസ് എക്‌സ് എക്‌സിക്യൂട്ടീവുമായ ലോറൻ ഡ്രെയർ വ്യക്തമാക്കി. സ്റ്റാർലിങ്ക് ഇന്ത്യ വെബ്‌സൈറ്റ് ഇപ്പോഴും പ്രവർത്തനക്ഷമമല്ലെന്നും അതിനാൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്കുള്ള സേവന വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് ഞങ്ങൾ ഓർഡറുകൾ എടുക്കുന്നില്ല എന്നും ഡ്രെയർ എക്‌സിനോട് പറഞ്ഞു.

ഇന്ത്യയിൽ അതിവേഗം കരുക്കള്‍ നീക്കി സ്റ്റാര്‍ലിങ്ക് 

അതേസമയം, ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി സ്റ്റാര്‍ലിങ്ക് കമ്പനി ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനായി സ്റ്റാർലിങ്ക് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഓഫീസിലേക്ക് പേയ്‌മെന്‍റ് മാനേജർ, അക്കൗണ്ടിംഗ് മാനേജർ, സീനിയർ ട്രഷറി അനലിസ്റ്റ്, ടാക്‌സ് മാനേജർ എന്നിവരെ നിയമിക്കുന്ന കാര്യം ഒക്‌ടോബര്‍ അവസാനം സ്‌പേസ് എക്‌സ് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ സ്റ്റാർലിങ്കിന്‍റെ സാന്നിധ്യം വികസിപ്പിക്കാനുള്ള പദ്ധതികളെയും ഈ ജോലി പോസ്റ്റിംഗുകൾ സൂചിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, തങ്ങളുടെ നെറ്റ്‌വർക്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളിൽ ഗ്രൗണ്ട് സ്റ്റേഷനുകൾ നിർമ്മിക്കാനും കമ്പനി തയ്യാറെടുക്കുന്നു.

ഇന്ത്യയിൽ ഗേറ്റ്‌വേ എർത്ത് സ്റ്റേഷൻ സ്ഥാപിക്കാൻ പദ്ധതി

ചണ്ഡീഗഡ്, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നോയിഡ എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ ഗേറ്റ്‌വേ എർത്ത് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സ്റ്റാർലിങ്ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സ്റ്റേഷനുകൾ ഉപഗ്രഹങ്ങളും ഗ്രൗണ്ട് അധിഷ്ഠിത റിസീവറുകളും തമ്മിലുള്ള ബന്ധം നിലനിർത്തുകയും കൂടുതൽ സ്ഥിരതയുള്ളതും വേഗതയേറിയതുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയും ചെയ്യും.

സർക്കാർ അനുമതിയും ലൈസൻസും

ഈ വർഷം ജൂലൈയിൽ സ്റ്റാർലിങ്കിന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ (DoT) നിന്ന് അഞ്ച് വർഷത്തെ ലൈസൻസ് ലഭിച്ചു. ഈ ലൈസൻസ് കമ്പനിക്ക് ഇന്ത്യയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുവദിച്ചു. ഔപചാരികമായി ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനി ഇപ്പോൾ അതിന്റെ അടിസ്ഥാന സൗകര്യങ്ങളും നിയമന പ്രക്രിയയും അന്തിമമാക്കുകയാണ്.
ഇന്ത്യക്കായി ഇലോൺ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് പദ്ധതികള്‍ എന്തൊക്കെ? 

അടുത്തിടെ നടന്ന ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ, ഇലോൺ മസ്‌ക് സ്റ്റാർലിങ്ക് ലോകമെമ്പാടും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യ കമ്പനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണെന്നും പ്രസ്‍താവിച്ചു. ഇന്ത്യയിലെ സ്റ്റാർലിങ്കിന്‍റെ വിപുലീകരണം കമ്പനിയുടെ ആഗോള ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോഴും നല്ല ഇന്റർനെറ്റ് ആക്‌സസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും സ്റ്റാർലിങ്കിന് കാര്യമായ മാറ്റം വരുത്താൻ കഴിയും.

Tags